കോഴിക്കോട്: മാലിന്യനിക്ഷേപം കൈക്കൂലിക്കുള്ള ഉപാധിയാക്കി പോലീസ്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നതിനിടെ പിടിയിലാവുന്നവരാണിപ്പോള് പോലീസിന്റെ കറവപ്പശുവെന്നാണ് ആരോപണമുയരുന്നത്. അടുത്തിടെ പോലീസ് തന്നെ ദൃക്സാക്ഷികളായ രണ്ടു കേസുകളിലും മാലിന്യത്തെ പോലീസ് “ശുദ്ധീകരിച്ചു’. ഇതോടെയാണ് കൈക്കൂലി ആരോപണവും ശക്തമായത്.
രാത്രിയില്‍ പൊതുസ്ഥലങ്ങളിലും മറ്റും മാലിന്യം നിക്ഷേപിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ നാട്ടുകാര്‍ അതത് ലോക്കല്‍ പോലീസിനേയോ കണ്ട്രോള് റൂം പോലീസിനേയോ ആണ് ബന്ധപ്പെടുന്നത്. ഇപ്രകാരം പോലീസെത്തി മാലിന്യം നിക്ഷേപിച്ചവരേയും വാഹനവും കസ്റ്റഡിയിലെടുക്കും. പിന്നീട് എന്തുണ്ടായെന്നത് പിടികൂടി പോലീസിലേല്‍പ്പിച്ച നാട്ടുകാര്‍ അറിയാറില്ല. ഏതെങ്കിലും നാട്ടുകാര്‍ ചോദിച്ചാല്‍ പിഴ ചുമത്തിയെന്ന മറുപടിയാണ് നല്‍കാറുള്ളത്.
കഴിഞ്ഞ രണ്ടു സംഭവങ്ങളിലും കേസ് ഒതുക്കി തീര്‍ത്തതിന് പോലീസുകാര്‍ തന്നെ ദൃക്സാക്ഷികളാണ്. ഫ്ളൈയിംഗ് സ്ക്വാഡ് പോലീസുകാര്‍ കൈയോടെ പിടികൂടിയ മാലിന്യം ഒരിക്കല്‍ കല്ലും മണ്ണുമാക്കിയ പോലീസ് അടുത്തിടെ പിടികൂടിയ മാലിന്യ ചാക്കുകളുടെ എണ്ണം കുറച്ചും കൃത്രിമം കാണിച്ചു.
കഴിഞ്ഞാഴ്ച മലാപ്പറമ്പ് ജംഗ്ഷന് സമീപം പാച്ചാക്കില്‍ ഭാഗത്ത് നിക്ഷേപിച്ച മാലിന്യ ചാക്കുകള്‍ ഫ്ളൈയിംഗ് സ്ക്വാഡ് പോലീസുകാര്‍ കാണുകയും അത് നിക്ഷേപിച്ചരെ കണ്ടെത്തുകയും ചെയ്തതിന് ശേഷമാണ് ചേവായൂര്‍ പോലീസിന് കൈമാറിയത്. നിരവധി ചാക്കുകളിലായാണ് മാലിന്യം നിക്ഷേപിച്ചത്. എന്നാല്‍ നേരം പുലര്‍ന്നപ്പോഴേക്കും ചാക്കുകളുടെ എണ്ണം കുറഞ്ഞു. ചെറിയ പിഴ ചുമത്തി പ്രതികളെ വിട്ടയയ്ക്കുകയും ചെയ്തു.
പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചാല്‍ നിക്ഷേപിച്ചവര്ക്കെതിരേ കേസെടുക്കാന്‍ നേരത്തെ ഡിജിപി നിര്‍ദേശിച്ചിട്ടുണ്ട്. ഐപിസി സെക്ഷൻ 269, 278 കേരള പോലീസ് ആക്ട്, 1994 ലെ കേരള മുൻസിപ്പാലിറ്റി ആക്ട് എന്നിവ പ്രകാരം കേസെടുക്കാനാണ് നിര്‍ദേശം. എന്നാല്‍ അപൂര്‍വമായി മാത്രമേ പോലീസ് കേസെടുക്കുന്നുള്ളൂ. പലപ്പോഴും ഒത്തുതീര്‍പ്പാക്കുകയാണ് പതിവ്.
നേരത്തെ സരോവരം ബയോപാര്‍ക്കിന് സമീപത്ത് മാലിന്യം തള്ളുന്നത് ഫ്ളൈയിംഗ് സ്ക്വാഡ് അംഗങ്ങള്‍ നേരില്‍ കണ്ട് പിടികൂടുകയായിരുന്നു. നേരം പുലര്‍ന്നപ്പോഴേക്കും ഇവ കല്ലും മണ്ണുമായി മാറി. പേരിന് മാത്രം പിഴ ഈടാക്കിയാണ് പല പോലീസ് സ്റ്റേഷനുകളിലും മാലിന്യകേസുകള് ഒതുക്കി തീര്‍ക്കുന്നത്. മാലിന്യം നിക്ഷേപിക്കുന്ന ഹോട്ടല്‍ ഉടമകളും കാറ്ററിംഗ് യൂണിറ്റുകളും വന്‍ തുക ഓഫറായി നല്‍കാറുണ്ടെന്നും ഇതോടെ കേസുകള്‍ ഒത്തുതീര്‍പ്പാക്കുകയാണ് പതിവെന്നുമാണ് ആരോപണം.
മാലിന്യക്കേസുകള് ഒത്തുതീര്‍പ്പാക്കുന്നത് സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഏതൊക്കെ സ്റ്റേഷനുകളിലാണ് സമീപ ദിവസങ്ങളിലായി മാലിന്യ നിക്ഷേപവുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിച്ചതെന്ന് രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കുന്നുണ്ട്.