മഞ്ചേരി: നവവധു എലിവിഷം കഴിച്ചു മരിച്ച കേസിൽ പ്രതിയായ ഭർത്താവിനെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെവിട്ടു. പരപ്പനങ്ങാടി വള്ളിക്കുന്ന് മങ്ങാശ്ശേരി കുഞ്ഞികൃഷ്ണന്റെ മകൻ ഷൈജു (39)വിനെയാണ് മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി എ.വി. നാരായണൻ വെറുതെവിട്ടത്.ഷൈജുവിന്റെ ഭാര്യയും മലപ്പുറം താമരക്കുഴി ദാമോദരൻ-വത്സല ദന്പതികളുടെ മകളുമായ നിമിഷ (27) ആണ് മരിച്ചത്. 2011 സെപ്റ്റംബർ 14നായിരുന്നു ഇവരുടെ വിവാഹം.
വിവാഹം കഴിഞ്ഞ് മൂന്നുമാസത്തിനു ശേഷം ഷൈജു ജോലി തേടി വിദേശത്തു പോയി. പിതാവ് ദാമോദരൻ മരണപ്പെട്ടതിനെ തുടർന്ന് നിമിഷ സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്നു. 2012 മാർച്ച് 19ന് സ്വന്തം വീട്ടിൽ വെച്ചാണ് നിമിഷ ആത്മഹത്യ ചെയ്യുന്നത്.
ആത്മാഹുതിക്ക് കാരണം ഭർതൃപീഡനമാണെന്ന് കാണിച്ച് നിമിഷയുടെ ബന്ധുക്കൾ കോടതിയെ സമീപിക്കുകയായിരുന്നു. നിമിഷയുടെ ആഭരണങ്ങൾ ഭർത്താവ് എടുത്തുപറ്റിയെന്ന കേസ് 2013ൽ മലപ്പുറം കുടുംബ കോടതി തള്ളിയിരുന്നു.
27 സാക്ഷികളുള്ള കേസിൽ ഫോറൻസിക് വിദഗ്ധനും ഉന്നത പോലീസ് ഉദ്യോഗസ്ഥരും അടക്കം 17 സാക്ഷികളെ കോടതി വിസ്തരിച്ചു. ഭർത്താവുമായി നിമിഷ നടത്തിയ ഫോണ് സംഭാഷണങ്ങളും ചാറ്റിംഗുകളും പ്രതി ഭാഗം അഭിഭാഷകൻ അഡ്വ.നാലകത്ത് മുഹമ്മദ് അഷ്റഫ് കോടതി മുന്പാകെ ഹാജരാക്കിയിരുന്നു.ഇത് പരിശോധിച്ച കോടതി പ്രതി കുറ്റക്കാരനല്ലെന്ന് കണ്ടെത്തുകയായിരുന്നു.