നിശാന്ത് ഘോഷ്
കണ്ണൂർ: കരാറുകാരന് കണ്ണൂർ ജില്ലാ പഞ്ചായത്ത് നൽകിയ രണ്ടു ലക്ഷം രൂപയുടെ ചെക്കിന് ജില്ലാ ട്രഷറിയിൽനിന്ന് 20 ലക്ഷം രൂപ നൽകിയ സംഭവത്തിൽ ഒരു വർഷം കഴിഞ്ഞിട്ടും പണം തിരിച്ചുപിടിക്കാൻ നടപടിയില്ല. 18 ലക്ഷവും ഇതിന്റെ പലിശയുമടക്കം തിരിച്ചുപിടിക്കണമെങ്കിലും നടപടികൾ വൈകിപ്പിക്കുകയാണ്. സാധാരണഗതിയിൽ ഇത്തരം സാഹചര്യങ്ങളിൽ ജപ്തി ഉൾപ്പെടെയുള്ളവ സ്വീകരിക്കാറുണ്ടെങ്കിലും ഇതിനുള്ള നീക്കംപോലും ഉണ്ടായിട്ടില്ല.
പകരം കരാറുകാരനിൽനിന്നു പണം കിട്ടുന്പോൾ വാങ്ങിക്കാമെന്ന നിലപാടാണ് ട്രഷറി വകുപ്പ് പുലർത്തുന്നത്. കരാറുകാരനും ചില ഉന്നതരും തമ്മിലുള്ള ബന്ധമാണ് കാരണമെന്നും ആരോപണമുണ്ട്. ചെക്ക് സ്ക്രൂട്ടിനി ചെയ്ത അക്കൗണ്ടന്റിനെ കൂത്ത്പറന്പ് സബ് ട്രഷറിയിലേക്കും ചെക്ക് പാസാക്കിയ ജൂണിയര്‍ സൂപ്രണ്ടിനെ ചക്കരക്കല്‍ സബ് ട്രഷറിയിലേക്കും സ്ഥലംമാറ്റുക മാത്രമാണ് ട്രഷറി വകുപ്പ് ചെയ്തത്.
2018 ഓഗസ്റ്റ് 20ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് കരാറുകാരന് നല്കിയ രണ്ടു ലക്ഷത്തിന്റെ എക്സ് വൈ 2568840 നമ്പര്‍ ചെക്കിലാണ് 18 ലക്ഷം രൂപ അധികമായി ജില്ലാ ട്രഷറിയിൽനിന്നു നൽകിയത്. കരാറുകാരന് സെപ്റ്റംബര്‍ 27 വരെയുള്ള ദിവസങ്ങളിലായി 18 ലക്ഷം രൂപ പിന്‍വലിക്കുകയും ചെയ്തിരുന്നു.
ഈ വര്‍ഷം മാര്‍ച്ചില്‍ അക്കൗണ്ട് നീക്കിയിരിപ്പിലെ കുറവ് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് അധികൃതര്‍ ഒത്തുനോക്കിയാണ് 18 ലക്ഷം രൂപ ട്രഷറിയില്‍നിന്ന് അധികമായി നല്കിയെന്നു കണ്ടെത്തിയത്. തങ്ങളുടെ അക്കൗണ്ടിൽനിന്ന് അധികമായി നൽകിയ പണം തിരിച്ചുനൽകണമെന്ന് ജില്ലാ പഞ്ചായത്ത് ട്രഷറി അധികൃതരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ആദ്യഘട്ടത്തിൽ ട്രഷറിയുടെ ഭാഗത്തുനിന്ന് നടപടിയുണ്ടായില്ല.
പോലീസിൽ പരാതി നൽകാൻപോലും ട്രഷറി വകുപ്പ് തയാറായിരുന്നില്ല. കരാറുകാരനില്‍നിന്ന് ഉടനെ പണം തിരികെ കിട്ടാന്‍ സാധ്യതയില്ലാത്തതിനാല്‍ കണ്ണൂര്‍ ജില്ലാ ട്രഷറിയിലെ മുഴുവന്‍ ജീവനക്കാരും ചേര്‍ന്ന് 18ലക്ഷം രൂപ സമാഹരിച്ച് ജില്ലാ പഞ്ചായത്ത് അക്കൗണ്ടില്‍ അടച്ചു പ്രശ്നം പരിഹരിക്കാനും ഇതിന് പേ ഇന്‍ സ്ലിപ്പ് ജില്ലാ ട്രഷറി ഓഫീസര്‍ ഒപ്പിട്ട് നല്‍കാനും ഉന്നതതല നിർദേശവും ഉണ്ടായിരുന്നു.
പണം സമാഹരിക്കാന്‍ ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ടില്‍ നിന്ന് വായ്പയെടുത്ത് നല്‍കുകയെന്ന നിര്‍ദേശവുമുണ്ടായി. എന്നാൽ ചില ജീവനക്കാർ ഇതിനെ എതിർത്തതോടെ ഈ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. കരാറുകാരന് പാസാക്കി നൽകേണ്ട ചെക്കുകൾ വരുന്ന മുറയ്ക്ക് കൈമാറാതെ വരവുവച്ച് അധികം നൽകിയ തുക ഈടാക്കാമെന്ന നിലയിലാണ് അധികൃതർ. ഇതാകട്ടെ എത്രത്തോളം പ്രായോഗികമാണെന്ന കാര്യത്തിലും സംശയമുയരുന്നുണ്ട്.