സ്വന്തം ലേഖകൻ
തൃശൂർ: ചെറുതും ഇടുങ്ങിയതുമായ വഴിക്ക് ഫയർഫോഴ്സിന് കടന്നെത്താൻ പറ്റുന്നില്ലെന്ന പ്രശ്നം ഇനിയില്ല. ചെറിയ നിരത്തുകളിലേക്ക് അനുയോജ്യമായ ഫയർഫോഴ്സ് വാഹനം തൃശൂരിലെത്തി.
ഫസ്റ്റ് റെസ്പോണ്‍സ് വെഹിക്കിൾ അഥവാ എഫ്.ആർ.വി എന്ന ചെറിയ ഫയർ എൻജിനാണ് അഗ്നിശമനസേനാംഗങ്ങൾക്ക് ദീർഘനാളത്തെ പ്രശ്നത്തിന് പരിഹാരമായി ലഭിച്ചിരിക്കുന്നത്. പലപ്പോഴും ഇടുങ്ങിയ വഴികളിലൂടെയും ചെറിയ കെട്ടിടങ്ങളിലേക്കുള്ള വഴിയിലൂടെയും തീപിടിത്തമുണ്ടാകുന്പോഴോ മറ്റെന്തെങ്കിലും അപകടമുണ്ടാകുന്പോഴോ രക്ഷാപ്രവർത്തനത്തിന് എത്തിച്ചേരാൻ സാധിക്കാറില്ല. എഫ്.ആർ.വി ആ പ്രശ്നത്തിനുള്ള പുതിയ പരിഹാരമാണ്.
400 ലിറ്റർ വെള്ളവും 50 ലിറ്റർ ഫോമും നിറയ്ക്കാൻ കഴിയുന്ന ടാങ്കാണ് വണ്ടിയിലുള്ളത്. ഇതോടൊപ്പം മരം മുറിക്കാനാവശ്യമായ ചെയിൻസോ, ലോഹങ്ങൾ മുറിക്കാനാവശ്യമായ ഹൈഡ്രോളിക് ഉപകരണങ്ങൾ എന്നിവയും വാഹനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. വണ്ടിയുടെ ഫൽഗ് ഓഫ് തൃശൂർ ജില്ല ഫയർ ഓഫീസർ വി.കെ.ഋതീജ് നിർവഹിച്ചു.