തൃശൂർ: കഞ്ചാവുമായി എക്സൈസ് പിടികൂടിയ യുവാവ് കസ്റ്റഡിയിൽ മരിച്ചു. മലപ്പുറം സ്വദേശി രഞ്ജിത്താണ് മരിച്ചത്. ഇയാളെ മരണ ശേഷമാണ് ആശുപത്രിയിലെത്തിച്ചതെന്നാണ് റിപ്പോർട്ട്. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് ഉച്ചയ്ക്ക് 12ഓടെ രഞ്ജിത്തിനെ എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടിയത്.
വൈകിട്ട് അഞ്ചോടെയാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിക്കുന്നതിന് 10 മിനിറ്റ് മുൻപെങ്കിലും രഞ്ജിത്ത് മരണപ്പെട്ടിരുന്നുവെന്നാണ് അധികൃതർ അറിയിച്ചത്.
കസ്റ്റഡിയിൽ എടുത്ത ശേഷം രഞ്ജിത്ത് അപസ്മാരത്തിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നുവെന്നും അതിനാലാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നുമാണ് എക്സൈസ് അധികൃതർ നൽകുന്ന വിശദീകരണം.