കൊച്ചി: വിദേശജോലി വാഗ്ദാനം ചെയ്തു പലരിൽനിന്നായി 2.18 കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ റിമാൻഡിൽ കഴിഞ്ഞുവന്ന കാഞ്ഞങ്ങാട് സ്വദേശിനി മാർഗരറ്റ് മേരിയെ പോലീസ് ചോദ്യം ചെയ്തു. ഇവരുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.
രണ്ടു ദിവസത്തേയ്ക്കാണു പ്രതിയെ ഇന്നലെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടുനൽകിയിരുന്നത്. കേസുമായി ബന്ധപ്പെട്ട് പ്രതിയെ അധികൃതർ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്. തട്ടിപ്പ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇവരിൽനിന്ന് അധികൃതർക്കു ലഭിച്ചതായാണു സൂചന.
കേസിൽ ഇനി പിടിയിലാകാനുള്ള മൂന്ന് പ്രതികൾക്കായി അന്വേഷണവും ഉൗർജിതമാക്കി. ഇതുവരെ രണ്ടുപേരെയാണു ഈ കേസിൽ പോലീസ് അറസ്റ്റ് ചെയ്തത്. മാർഗരറ്റ് മേരിയുടെ സഹോദരൻ ജോസ് മേരിദാസ് (ജിമ്മി) ആണ് പിടിയിലായ രണ്ടാമത്തെയാൾ. ഇന്നലെ കോടതിയിൽ ഹാജരാക്കി ഇയാളെ റിമാൻഡ് ചെയ്തു.
പ്രധാന പ്രതിയായ ഏറ്റുമാനൂർ സ്വദേശി ജോഷി തോമസ് ഉൾപ്പെടെയാണു ഇനി പിടിയിലാകാനുള്ളത്. ദുബായിലുള്ള ജോഷി തോമസിനെയും അറസ്റ്റ് ചെയ്യാനുള്ള നടപടികളാണു പോലീസ സ്വീകരിച്ചുവരുന്നത്. ഇയാളെ സംബന്ധിച്ച വിവരങ്ങൾ വിമാനത്താവളങ്ങൾക്കു കൈമാറി കഴിഞ്ഞു.
ഏതെങ്കിലും വിമാനത്താവളത്തിൽ ഇയാളെത്തിയാൽ അറസ്റ്റ് ചെയ്യുവാനുള്ള നടപടികളാണു സ്വീകരിച്ചിട്ടുള്ളത്. ഒരു പ്രെയർ ഗ്രൂപ്പുമായി ബന്ധപ്പെട്ടുകൊണ്ടുകൊണ്ടായിരുന്നു പ്രതികളുടെ കബളിപ്പിക്കൽ. 67 പേരിൽനിന്നായി 2.18 കോടിയോളം രൂപയാണു സംഘം തട്ടിയെടുത്തത്. എറണകുളം സൗത്ത് പോലീസാണ് കേസ് അന്വേഷി ക്കുന്നത്.