തുറവൂർ: സ്ഥാനാർഥികളുടെ ഇന്നത്തെ തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങി. യുഡിഎഫ് സ്ഥനാർഥി ഷാനിമോൾ ഉസ്മാൻ തുറവൂർ പഞ്ചായത്തിന്റെ തീരദേശ മേഖലയായ പള്ളിത്തോട് പ്രദേശത്താണ് പ്രചരണത്തിൽ ഏർപെട്ടിരിക്കുന്നത്. തൊഴിലുറപ്പ് തൊഴിലാളികളേയും ഭവനങ്ങളും സന്ദർശിച്ച് വോട്ട് അഭ്യർഥിച്ചു. എൽഡിഎഫ് സ്ഥാനാർഥി മനു.സി.പുളിക്കൽ തൈക്കാട്ടുശേരി മേഖലയിലാണ് തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നത്.
കയർ ഫാക്ടറികളിലെത്തി തൊഴിലാളികളെ കണ്ട് വോട്ട് അഭ്യർഥിച്ചു. എൻഡിഎ സ്ഥാനാർഥി എഴുപുന്ന മേഖലയിലാണ് തിരഞ്ഞെടുപ്പ് പ്രചരണത്തിൽ ഏർപ്പെട്ടിരിക്കുന്നത്. പീലിംഗ് തൊഴിലിടങ്ങളിൽ തൊഴിലാളികളെ സന്ദർശിച്ച് വോട്ടുറപ്പിക്കുന്ന തിരക്കിലായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാൻ ഇന്നലെ. അരൂർ നിയോജക മണ്ഡലത്തിലെ കിഴക്കൻ മേഖലകളിലായിരുന്നു യുഡിഎഫ് സ്ഥാനാർഥിയുടെ ഇന്നലത്തെ തിരഞ്ഞെടുപ്പു പര്യടനം.
പീലിംഗ് ഷെഡുകളിലെത്തി തൊഴിലാളികളുടെ വോട്ടുറപ്പിക്കുന്നതോടൊപ്പം അവരുടെ വിഷമതകളും മനസിലാക്കുവാൻ സ്ഥാനാർഥി സമയം ചെലവഴിച്ചു. യാതൊരുവിധ ആരോഗ്യ സുരക്ഷ സംവിധാനങ്ങളില്ലാതെ തങ്ങൾ ജോലി ചെയ്യുന്നത് തുച്ഛമായ വേതനത്തിലാണെന്നു സ്ത്രീ തൊഴിലാളികൾ പരാതിപ്പെട്ടു.
നിരവധി വാഗ്ദാനങ്ങൾ പ്രഖ്യാപിക്കപ്പെട്ടെങ്കിലും ഒന്നും ഞങ്ങൾക്ക് ലഭിക്കുന്നില്ലെന്ന് പീലിംഗ് തൊഴിലാളികൾ പറഞ്ഞു. രാവിലെ ചന്തിരൂർ ശാന്തിഗിരി ആശ്രമം സന്ദർശിച്ച് പ്രാർഥനയിൽ പങ്കെടുത്താണ് ഇന്നലത്തെ പര്യടനത്തിനു തുടക്കം കുറിച്ചത്. പള്ളിപ്പുറം, പാണാവള്ളി, പെരുന്പളം പഞ്ചായത്തുകളുടെ വിവിധ സ്ഥലങ്ങളിൽ സന്ദർശിച്ചു.
എൽഡിഎഫ് സ്ഥാനാർഥി മനു.സി.പുളിക്കൻ അരൂർ പഞ്ചായത്തിലെ വിവിധ വ്യവസായ യൂണിറ്റുകൾ സന്ദർശിക്കുകയും തൊഴിലാളികളെ കാണുകയും വോട്ടഭ്യർഥിക്കുകയും ചെയ്തു. ദേശീയപാതയോരത്തെ കടകൾ സന്ദർശിക്കുകയും ഓട്ടോക്കാരെ കണ്ടും വോട്ടഭ്യർഥിച്ചു. വീടുകൾ സന്ദർശിക്കുകയും പാർട്ടി യോഗങ്ങളിൽ പങ്കെടുക്കുകയും ചെയ്തു.
ഏറെ വൈകിയും അരുർ ടൗണിൽ വോട്ടഭ്യർഥിക്കുന്ന തിരക്കിലായിരുന്നു എൽ ഡി എഫ് സ്ഥാനാർത്ഥി മനു സി പുളിക്കൻ. എൻഡിഎ സ്ഥാനാർഥി കെ.പി. പ്രകാശ് ബാബുവും തിരക്കേറിയ തിരഞ്ഞെടുപ്പു പ്രവർത്തനങ്ങളിലായിരുന്നു ഇന്നലെ. രാവിലെ പ്രമുഖ വ്യക്തികളെ സന്ദർശിക്കുകയും അനുഗ്രഹം വാങ്ങുകയും ചെയ്തു. തുടർന്ന് വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് വോട്ടഭ്യർഥിച്ചു. പാർട്ടി യോഗങ്ങളിലും പങ്കെടുത്തു.
അരൂരിൽ ആറുപേർ മത്സര രംഗത്ത്
അരൂർ: അരൂർ ഉപതെരഞ്ഞെടുപ്പിൻറെ സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ മത്സര രംഗത്ത് അവശേഷിക്കുന്നത് ആറ് സ്ഥാനാർഥികൾ. എൽഡിഎഫിൻറെയും എൻഡിഎയുടെയും ഡമ്മി സ്ഥാനാർഥികൾ പത്രിക പിൻവലിച്ചു. മനുജോണ് എന്ന സ്വതന്ത്രന്റെ പത്രിക തള്ളുകയും ചെയ്തതോടെയാണ് മത്സര രംഗത്ത് ആറുപേർ ആയത്. ഒക്ടോബർ മൂന്നിന് ഉച്ചകഴിഞ്ഞ് മൂന്നു വരെ പത്രിക പിൻവലിക്കാം. അതോടെ മത്സരത്തെിൻറ ചിത്രം വ്യക്തമാകും. പത്രിക പിൻവലിക്കാനുള്ള സമയം തീരുന്നതോടെ സ്ഥാനാർഥികൾക്ക് ചിഹ്നവും അനുവദിക്കും.
മത്സര രംഗത്തുള്ളവർ
1. അഡ്വ. പ്രകാശ്ബാബു (ബിജെപി)
2. അഡ്വ. മനു സി.പുളിക്കൽ (സിപിഎം)
3. അഡ്വ. ഷാനിമോൾ ഉസ്മാൻ( ഐഎൻസി)
4. ഗീതാ അശോകൻ(സ്വതന്ത്രൻ)
5. ആലപ്പി സുഗുണൻ (സ്വതന്ത്രൻ)
6. അഡ്വ. കെ.ബി. സുനിൽകുമാർ (സ്വതന്ത്രൻ)
യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്വെൻഷൻ ഇന്ന്
തുറവുർ: അരൂർ ഉപതെരഞ്ഞെടുപ്പിനുള്ള യുഡിഎഫ് കണ്വൻഷൻ ഇന്ന് നടക്കും. തുറവൂർ കവലയ്ക്കു സമീപം നടക്കുന്ന കണ്വൻഷൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. നിയോജക മണ്ഡലം യുഡിഎഫ് ചെയർമാൻ ഫസലുദിൻ അധ്യക്ഷത വഹിക്കും. യുഡിഎഫിന്റെ സംസ്ഥാന, ജില്ല നേതാക്കൾ പ്രസംഗിക്കും