മരട്(കൊച്ചി): ഫ്ളാറ്റുകൾ ഒഴിയാൻ കൂടുതൽ സമയം അനുവദിക്കണമെന്ന ആവശ്യവുമായി താമസക്കാർ. പകരം താമസ സൗകര്യം ലഭിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഉടമകൾ രംഗത്തെത്തിയിട്ടുള്ളത്. പൂർണമായും ഒഴിഞ്ഞു പോവാൻ ഇനിയും രണ്ടാഴ്ച കൂടി അനുവദിക്കണമെന്നാണ് താമസക്കാരിൽ ഭൂരിഭാഗത്തിന്റെയും ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡെപ്യൂട്ടി കളക്ടർക്ക് അപേക്ഷ നൽകാനുള്ള ഒരുക്കത്തിലാണ് പലരും. അതേ സമയം പുനസ്ഥാപിച്ച വൈദ്യുതി നാളെ വൈകിട്ടോടെ വിച്ഛേദിക്കാനും സാധ്യതയുണ്ട്.
ഫ്ളാറ്റ് ഉടമകൾക്കു ഒഴിഞ്ഞു പോവാൻ പരമാവധി അഞ്ചാം തീയതി വരെ സമയം നൽകിയേക്കും. തുടർന്നും ഒഴിയാത്തവരെ എങ്ങനെ ഒഴിപ്പിക്കണമെന്ന കാര്യം ജില്ലാ ഭരണകൂടം ചർച്ച ചെയ്തു തീരുമാനിക്കുമെന്നാണു വിവരങ്ങൾ. ഇന്നലെ വരെ അൻപതോളം സ്ഥിരതാമസക്കാരായ ഉടമകളാണ് ഫ്ളാറ്റുകൾ ഒഴിഞ്ഞു പോയിരിക്കുന്നത്. പലരും സാധനങ്ങളും മറ്റും മാറ്റുന്ന തിരക്കിലാണ്.
ഒഴിഞ്ഞ ഉടമകളുടെ പട്ടിക നഗരസഭ തയാറാക്കി ജില്ലാ ഭരണകൂടത്തിന് കൈമാറിത്തുടങ്ങി. മുൻ നിശ്ചയപ്രകാരം ഒഴിപ്പിക്കൽ നടപടികൾ നാളെ അവസാനിപ്പിച്ച് പൊളിക്കാൻ ഈ മാസം ഒൻപതിന് കന്പനികൾക്കു കരാർ നൽകാനായിരുന്നു തീരുമാനം. നിലവിലത്തെ സാഹചര്യത്തിൽ ഈ ദിവസങ്ങളിൽതന്നെ നടപടികൾ ആരംഭിക്കുമോയെന്നതിൽ അവ്യക്തത നിലനിൽക്കുകയാണ്.
ഒഴിഞ്ഞു പോകേണ്ടി വരുന്ന ഉടമകൾക്ക് താമസസൗകര്യം കണ്ടെത്തി നൽകുമെന്ന് സർക്കാരും ജില്ലാ ഭരണകൂടവും ഉറപ്പുനൽകിയിരുന്നതാണ്. ഒഴിഞ്ഞു പോകാൻ നിർബന്ധിതമായ ഉടമകളിൽ പലരും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലേക്കും മറ്റുമാണ് സാധനസാമഗ്രികളുമായി തൽകാലം മാറുന്നത്. ജില്ലാ ഭരണകൂടം വാഗ്ദാനം ചെയ്ത പകരം വാസസ്ഥലത്തെക്കുറിച്ചുള്ള അവ്യക്തതകൾ തുടരുകയാണ്.
ഒഴിവുള്ള ഫ്ളാറ്റുകളുടെ പട്ടികയിലെ ഫോണുകളിൽ ബന്ധപ്പെടുന്പോൾ ഇവിടെ ഒഴിവില്ല എന്ന മറുപടിയാണു ലഭിക്കുന്നതെന്ന് ഉടമകൾ പറയുന്നു. അഞ്ചു ഫ്ളാറ്റ് സമുച്ചയങ്ങൾ പൊളിച്ചുമാറ്റാനുള്ള കരാർ നൽകാനുള്ള മൂന്നു കന്പനികളുടെ അന്തിമ പട്ടികയാണ് നിലവിൽ തയ്യാറാക്കിയിട്ടുള്ളത്. മുബൈയിലുള്ള എഡിഫൈസ്, കോയന്പത്തൂരുള്ള സുബ്രഹ്മണ്യം കെമിക്കൽസ് ആൻഡ് എക്സ്പ്ലോസീവ്സ്, വിജയ് സ്റ്റീൽ എന്നീ മൂന്നു കന്പനികളെയാണ് പൊളിച്ചുമാറ്റാൻ ചുമതല ഏൽപ്പിക്കുക.
എഡിഫൈസ് മുംബൈ മൂന്ന് ഫ്ളാറ്റ് സമുച്ചയങ്ങളും സുബ്രഹ്മണ്യം കെമിക്കൽസ് ആൻഡ് എക്സ്പ്ലോസീവ്സ്, വിജയ് സ്റ്റീൽ എന്നീ കന്പനികൾ ഓരോ ഫ്ളാറ്റ് സമുച്ചയങ്ങളും പൊളിച്ചുനീക്കും. നിയന്ത്രിത സ്ഫോടനത്തിലൂടെ കെട്ടിടങ്ങൾ പൊളിച്ച് അവശിഷ്ടങ്ങൾ നീക്കി ഭൂമി പഴയപടിയാക്കുന്ന ജോലികൾ ഉൾപ്പെടെ കന്പനികൾ പൂർത്തിയാക്കണമെന്നാണു വ്യവസ്ഥ.
എന്നാൽ, നിയന്ത്രിത സ്ഫോടനത്തിലൂടെ കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നതിനെതിരേ പരിസരവാസികളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ വീടുകൾക്ക് കേടുപാടുകൾ സംഭവിക്കാമെന്നാണു പരിസരവാസികളുടെ ഭയം.