തൃശൂർ: തൃശൂർ കളക്ടറേറ്റിൽ അഗ്നിബാധയിൽ നാശനഷ്ടം. ഇലക്ഷൻ സെല്ലിലാണ് ഇന്നു പുലർച്ചെ 2.40ഓടെതീപിടിത്തമുണ്ടായത്. തൃശൂരിൽ നിന്നെത്തിയ ഫയർ ഫോഴ്സ് തീയണച്ചു. ഷോർട് സർക്യൂട്ടാണ് കാരണമെന്ന് കരുതുന്നു. ഫയലുകൾ, കംപ്യൂട്ടറുകൾ, ഫോട്ടോസ്റ്റാറ്റ് മെഷിൻ എന്നിവ കത്തിനശിച്ചു.
കളക്ടറേറ്റിൽ ഡ്യൂട്ടിക്കെത്തിയ പോലീസുകാരൻ വിഷ്ണുവാണ് കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്ന് തീ ഉയരുന്നത് കണ്ട് വിവരം തൃശൂർ ഫയർ സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്ന് തൃശൂരിൽ നിന്ന് ഒരു യൂണിറ്റ് ഫയർ ഫോഴ്സ് ഉടൻ കളക്ടറേറ്റിലെത്തി. ഒന്നാം നിലയിൽ കനത്ത പുകയായിരുന്നു ആ സമയത്തുണ്ടായിരുന്നത്.
ഓക്സിജൻ കുറവുള്ള അപകടമേഖലകളിൽ ധരിക്കുന്ന ഉപകരണമണിഞ്ഞാണ് ഫയർഫോഴ്സുകാർ അകത്തു കയറി തീയണച്ചത്. കംപ്യൂട്ടറിൽ നിന്നാണ് ഷോർട്ട് സർക്യൂട്ട് ഉണ്ടായതെന്നാണ് സൂചന. പോലീസിന്റെയും മറ്റും വിശദമായ പരിശോധനയിലേ ഇക്കാര്യം സ്ഥിരീകരിക്കുകയുള്ളു. തീപിടിത്തത്തിൽ മുറിയിലെ ജനൽചില്ലുകളും തകർന്നിട്ടുണ്ട്. നാശനഷ്ടത്തിന്റെ തോത് കണക്കാക്കി വരുന്നതേയുള്ളു.