ആലത്തൂർ: കലുങ്കിന്റെ സ്ലാബ് പൊട്ടിയതിനെ തുടർന്ന് ആലത്തൂർ-വാഴക്കോട് സംസ്ഥാനപാത തകർന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംസ്ഥാന പാതയ്ക്കരികിലെ പാടത്തിലെ വെള്ളം മറുഭാഗത്തേക്ക് പോകുന്ന കൽവർട്ടിന്റെ സ്ലാബ് പൊട്ടിയത്. ഈ ഭാഗത്ത് വെള്ളച്ചാലിന് സമീപം രണ്ടിടത്ത് കുഴി രൂപപ്പെട്ടത് റോഡിന് ഭീഷണിയാണെന്ന് നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു.
ആലത്തൂർ -വാഴക്കോട് സംസ്ഥാന പാതയിലെ കാവശ്ശേരി പൂരപ്പറന്പിനു സമീപമാണ് സംഭവം. റോഡരികിലെ പാടത്തിനോട് ചേർന്നുള്ള ഭാഗത്തെ കൽവർട്ടാണ് തകർന്നത്. നേരത്തേഈ പ്രദേശത്തെ വാകമരത്തിന്റെ വേര് റോഡിലേക്ക് വന്നിരുന്നത് മൂലം ഈ ഭാഗത്തെ റോഡിന് വിള്ളൽ ഉണ്ടായിരുന്നു.
മഴ ശമിക്കാതെ പെയ്തതോടെ മരം വേരോടെ കടപുഴകി പാടത്തേക്ക് വീണ് റോഡിന്റെ ഭാഗം പൂർണമായും തകർന്നിരുന്നു. ഇത് നന്നാക്കിയതിന് സമീപമാണ് ഇപ്പോൾ കൽവർട്ട് തകർന്നത്. തകർന്ന ഭാഗത്ത് ടാർവീപ്പ റിബണ്കെട്ടി അപകടം ഉണ്ടാവാതിരിക്കാൻ വെച്ചിട്ടുണ്ട്.
എന്നാൽ രണ്ട് വാഹനങ്ങൾ ഒരുമിച്ച് പോവുന്പോൾ അപകടത്തിന് കാരണമാകുമെന്ന് നാട്ടുകാർ പറഞ്ഞു. പൊതുമരാമത്ത് അധികൃതർ ഇടപെട്ട് എത്രയും പെട്ടെന്ന് നന്നാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.