തളിപ്പറമ്പ്: അധ്യാപികയുടെ കഴുത്തിനു പിടിച്ച് അമർത്തുകയും മർദിക്കുകയും ചെയ്ത വിദ്യാർഥിക്കെതിരെ തളിപ്പറമ്പ് പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. തളിപ്പറമ്പ് സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിലെ അവസാന വർഷ ബികോം മാർക്കറ്റിംഗ് വിദ്യാർഥി ഇരിക്കൂർ സ്വദേശിയായ ഇരുപതുകാരന് എതിരെയാണ് തളിപ്പറമ്പ് പോലീസ് വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തത്. സെപ്റ്റംബർ 30 ന് ഉച്ചകഴിഞ്ഞ് 3.15 നാണ് സംഭവം.
ഒന്നാം വർഷം ബിരുദ വിദ്യാർഥികൾക്ക് ക്ലാസെടുത്തു കൊണ്ടിരിക്കെ അവിടെയെത്തിയ വിദ്യാർഥിയോട് ക്ലാസിന് പുറത്തുപോകാൻ ആവശ്യപ്പെട്ടപ്പോഴാണ് അധ്യാപികയുടെ കഴുത്തിന് പിടിച്ച് അമർത്തുകയും മർദിക്കുകയും അശ്ശീല ഭാഷയിൽ ചീത്ത വിളിക്കുകയും ചെയ്തത്. അധ്യാപിക പ്രിൻസിപ്പലിന് നൽകിയ പരാതി അദ്ദേഹം പോലീസിന് കൈമാറുകയായിരുന്നു. ഇന്ത്യൻ ശിക്ഷാനിയമം 323, 354, 294 (ബി) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.വിദ്യാർഥി ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.
വിദ്യാർഥികൾ തമ്മിൽ സംഘട്ടനവും മറ്റ് പ്രശ്നങ്ങളും നടക്കുന്ന സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒന്നാം വർഷം പഠിക്കുന്ന വിദ്യാർഥികളുടെ ക്ലാസ് മുറിക്ക് സമീപം സീനിയർ വിദ്യാർഥികൾ പോകരുതെന്ന് കർശന നിർദേശമുണ്ടായിരുന്നു.അത് ലംഘിച്ച് മൂന്നാം വർഷ വിദ്യാർഥി ഒന്നാം വർഷ ക്ലാസിൽ എത്തിയത് ചോദ്യം ചെയ്തപ്പോഴാണ് അധ്യാപികയ്ക്ക് നേരെ അക്രമം നടന്നത്.