കോഴിക്കോട്: ദേശീയപാത 766 ലെ രാത്രിയാത്ര നിരോധനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നിലനില്‍ക്കെ കുറ്റ്യാടി പാതയില്‍ പ്രതീക്ഷയര്‍പ്പിച്ച് യാത്രക്കാര്‍. മൈസൂരിലേക്ക് കുറ്റ്യാടി-പക്രന്തളം ചുരം-മാനന്തവാടി-ഗോണിക്കുപ്പ വഴി മൈസൂരിലേക്കുള്ള എളുപ്പവഴിയാണിത്. കൂടാതെ കര്‍ണാടകയുടെ വിവിധ ഭാഗങ്ങളിലേക്ക് കുറ്റ്യാടി വഴി എളുപ്പത്തില്‍ എത്തിച്ചേരാനാവും.
ദൂരക്കുറവ് കാരണം സ്വകാര്യ വാഹനങ്ങള്‍ ഏറെയും ഇപ്പോള്‍ സര്‍വീസ് നടത്തുന്നത് ഈ റൂട്ടിലാണ്. യാത്രക്കാര്‍ക്ക് മാനന്തവാടിയില്‍ നിന്ന് കല്പറ്റ വഴി കോഴിക്കോട് എത്തുന്നതിനേക്കാള്‍ മുക്കാല്‍ മണിക്കൂറോളം സമയവും ഇതുവഴി സഞ്ചരിക്കുമ്പോള്‍ ലാഭിക്കാനാവും. അതേസമയം ഈ പാതയ്ക്കു സര്‍ക്കാര്‍ വേണ്ടത്ര പ്രധാന്യം നല്‍കാതെ അവഗണിക്കുകയാണെന്നാണ് ആരോപണമുയരുന്നത്. നിലവില്‍ രാത്രിയിലുള്ള രണ്ട് ബംഗളൂരു സര്‍വീസ് മാത്രമാണ് ഇതുവഴിയുള്ളത്.
മൈസൂരിലേക്ക് ഇതു വഴി ദീര്‍ഘദൂര ബസുകള്‍ അനുവദിക്കണമെന്ന് നാട്ടുകാര്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു. രാത്രിയാത്ര നിരോധനമില്ലാത്ത ഈ റൂട്ടിലൂടെ എറണാകുളം, കോട്ടയം,വടകര, തൃശൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ദീര്‍ഘദൂര ബസുകള്‍ വേണമെന്നായിരുന്നു ആവശ്യം. ഈ റോഡ് ദേശീയപാതയായി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് കോഴിക്കോട്-വയനാട് ജില്ലകളില്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ച് മുഖ്യമന്ത്രിയ്ക്ക് നിവേദനവും നല്‍കിയിരുന്നു. എന്നാല്‍ യാതൊരു അനുകൂല തീരുമാനവും ഉണ്ടായിട്ടില്ല.
സര്‍ക്കാര്‍ ഈ പാതയെ പരിഗണിക്കുകയാണെങ്കില്‍ താമരശേരി ചുരത്തിലുണ്ടാവുന്ന രൂക്ഷമായ ഗതാഗതകുരുക്കിനും പരിഹാരമാവും. രാത്രിയും പകലും കെഎസ്ആര്‍ടിസി സര്‍വീസ് ഇതുവഴി അനുവദിക്കുകയാണെങ്കില്‍ രാത്രി യാത്രാ നിരോധനം പ്രതികൂലമായി ബാധിക്കില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. കോഴിക്കോട് നിന്ന് അടിവാരം വഴി പോകുന്ന മാനന്തവാടി ബസുകളിൽ കുറെയെണ്ണം കുറ്റ്യാടി വഴി അനുവദിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
താമരശേരി ചുരം റോഡിൽ ഗതാഗതക്കുരുക്ക് പലപ്പോഴും അതിരൂക്ഷമാണ്. താമരശേരി ചുങ്കത്തും, ചുരം വളവുകളിലും റോഡ് പൊട്ടിപ്പൊളിഞ്ഞതിനാൽ നിലവിൽ കോഴിക്കോട് നിന്ന് മാനന്തവാടിയിലെത്താൻ മൂന്നര മണിക്കുറിലധികം സമയമെടുക്കുന്നുണ്ട്. പത്തു കിലോ മീറ്ററോളം കുറവുള്ള കുറ്റ്യാടി വഴി കുറെ ടൗൺ ടു ടൗൺ ബസുകളെങ്കിലും തിരിച്ചുവിട്ടാൽ അടിവാരം ചുരത്തിലെ തിരക്ക് ഒരുപരിധിവരെ ഒഴിവാക്കാനാകും.
അടിവാരം ചുരത്തിൽ കണ്ടൈനർ ലോറികൾക്കും, വലിയ ചരക്കുവാഹനങ്ങൾക്കും ജില്ലാ കളക്ടർ നിരോധനം ഏർപ്പെടുത്തിയെങ്കിലും ഇത്തരം വാഹനങ്ങൾ രാപ്പകൽ ഭേദമെന്യെ ചുരം കീഴടക്കിയിരിക്കയാണ്. ചുരത്തിൽ മണിക്കൂറുകളോളം കുടുങ്ങികിടക്കേണ്ടിവരുന്ന യാത്രക്കാർ വൻ യാത്രാക്ളേശം അനുഭവിച്ചിട്ടും പരിഹാരമുണ്ടാക്കാൻ അധികൃതർ തയാറാവുന്നില്ല.
കുറ്റ്യാടി ഭാഗത്തേക്ക് കൂടുതലും സ്വകാര്യ ബസുകളാണുള്ളത്. അതിനാൽ രാത്രികാലങ്ങളിൽ ബസുകൾ തുലോം കുറവായിരിക്കും. ഇതിനു പരിഹാരമായി കുറെ കെഎസ്ആർടിസി ടൗൺ ടു ടൗൺ ബസുകളും, തെക്കൻ ജില്ലകളിൽനിന്നു വരുന്ന മാനന്തവാടി, ബംഗളൂരു,മൈസൂരു ദീർഘദൂര ബസുകളും കുറ്റ്യാടി ചുരം വഴി ഓടിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. വകുപ്പു മന്ത്രിക്ക് പലതവണ നിവേദനം നൽകിയിട്ടും കുറ്റ്യാടിക്കാരുടെ യാത്രാപ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകുന്നില്ല.
ര്‍