ഇടുക്കി: സ്ഥലം മാറ്റത്തിന് ദിവസങ്ങൾക്ക് മുൻപ് ദേവികുളം സബ് കളക്ടറായിരുന്ന രേണു രാജ് മൂന്നാറിലെ നാല് വ്യാജ പട്ടയങ്ങൾ റദ്ദാക്കി. ഹൈക്കോടതി നിർദ്ദേശപ്രകാരം നടത്തിയ പരിശോധനകൾക്ക് പിന്നാലെയാണ് രവീന്ദ്രൻ പട്ടയങ്ങളിൽ നാലെണ്ണം റദ്ദാക്കിയത്.
മൂന്നാർ ടൗണിലെ 912 സർവേ നമ്പറിൽ പെട്ട നാല് പട്ടയങ്ങൾക്കെതിരേയായിരുന്നു സബ് കളക്ടറുടെ നടപടി. പട്ടയങ്ങൾ റദ്ദാക്കിയ സബ് കളക്ടർ നാല് സർവേ നമ്പറിലുമായി കിടക്കുന്ന രണ്ടര ഏക്കർ ഭൂമി ഏറ്റെടുക്കാൻ തഹസീൽദാർക്ക് നിർദ്ദേശവും നൽകിയിരുന്നു.
ദേവികളും അഡീഷണൽ തഹസീൽദാറായിരുന്ന രവീന്ദ്രൻ 1999-ൽ അനുവദിച്ച പട്ടയങ്ങളാണ് സബ് കളക്ടർ റദ്ദാക്കിയത്. പരിശോധനയിൽ ഭൂമിയുടെ ഉടമസ്ഥൻ വ്യാജ രേഖകൾ സമർപ്പിച്ചാണ് ഭൂമി സ്വന്തമാക്കിയതെന്ന് കണ്ടെത്തിയിരുന്നു. ഇതേതുടർന്നാണ് നടപടിയുണ്ടായത്.