ചെന്നൈ: തമിഴ്നാട്ടിലെ ജ്വല്ലറിയിൽ മോഷണം നടത്തിയ സംഭവത്തിൽ അഞ്ച് പേർ പിടിയിൽ. ജാർഖണ്ഡ് സ്വദേശികളാണ് പിടിയിലായതെന്നാണ് സൂചന. ഇവരുടെ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. തിരുച്ചിറപ്പള്ളി ചത്തിരം ബസ് സ്റ്റാൻഡിന് സമീപത്തെ ലളിത ജ്വല്ലറിയിലാണ് ഇന്നലെ പുലർച്ചെ കവർച്ച നടന്നത്. പുലർച്ചെ രണ്ടിനും മൂന്നിനും ഇടയിൽ മുഖം മൂടി ധരിച്ചെത്തിയ സംഘം പുറകുവശത്തെ ചുമർ തുരന്നാണ് അകത്തു കടന്നത്. 13 കോടി രൂപയുടെ മോഷണമാണ് നടന്നത്.
ഫാൻസി മാസ്ക് ധരിച്ച രണ്ടുപേർ ഒന്നാം നിലയിൽ പ്രദർശനത്തിനു വച്ചിരുന്ന സ്വർണമെല്ലാം കവർന്നു. രാവിലെ ഒൻപതു മണിയോടെ ജീവനക്കാർ കട തുറന്നപ്പോഴാണ് വിവരം പുറത്തറിയുന്നത്. ഒന്നാം നിലയിലെ ഷോക്കേസുകളിലെ സ്വർണം കാണാത്തതിനെ തുടർന്ന് തിരച്ചിൽ നടത്തിയപ്പോഴാണ് ചുമർ തുരന്നതായി കണ്ടെത്തിയത്.
സിസിടിവി കാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ പരിശോധിച്ചതോടെ കവർച്ച സ്ഥിരീകരിച്ചു. 35 കിലോ സ്വർണവും വജ്രാഭരങ്ങളുമാണ് മോഷ്ടിച്ചത്. തെളിവുകൾ നശിപ്പിക്കാനായി ജ്വല്ലറിയിലാകെ മുളകുപൊടി വിതറിയാണ് കവർച്ചക്കാർ സ്ഥലം വിട്ടത്.