ലാഗോസ്: അടിമകളാക്കപ്പെട്ട 19 യുവതികളെ പോലീസ് മോചിപ്പിച്ചു. നൈജീരിയയിലെ ഏറ്റവും വലിയ നഗരമായ ലാഗോസിലാണ് സംഭവം. അടിമയുവതികളെ ഗർഭിണികളാക്കുകയും പ്രസവശേഷം കുഞ്ഞുങ്ങളെ വിൽക്കുകയുമായിരുന്നു സംഘത്തിന്റെ രീതി. രക്ഷപ്പെടുത്തിയവരിൽ ഒന്‍പത് ഗർഭിണികളും ഉൾപ്പെടുന്നു.
ശിശു ഉല്പാദക കേന്ദ്രം എന്ന പേരിൽ അറിയപ്പെടുന്ന തടവറകളിൽനിന്നു മോചിപ്പിക്കപ്പെട്ടവർ 15 നും 28 നും ഇടയ്ക്കു പ്രായമുള്ളവരാണ്. ഗർഭിണിയാകാൻ പലരുമായി ശാരീക ബന്ധത്തിൽ ഏർപ്പെടേണ്ടി വന്നിട്ടുണ്ടെന്ന് രക്ഷപ്പെടുത്തിയവരിൽ ഒരാൾ മൊഴി നൽകി.
ആണ്‍കുഞ്ഞുങ്ങളെ 1.16 ലക്ഷം രൂപയ്ക്കും (1,630 യുഎസ് ഡോളർ) പെണ്‍കുഞ്ഞുങ്ങളെ 70,000 രൂപയ്ക്കുമാണ് (980 ഡോളർ) വിൽക്കുന്നത്. നൈജീരിയയുടെ പല ഭാഗങ്ങളിലും ഇത്തരം മാഫിയാ സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
പോലീസ് രക്ഷിച്ചവരുടെ കൂട്ടത്തിൽ നാല് പിഞ്ചു കുഞ്ഞുങ്ങളുമുണ്ട്. ജോലി വാഗ്ദാനം ചെയ്തും മറ്റുമാണ് പെണ്‍കുട്ടികളെ സംഘങ്ങൾ കൊണ്ടുവരുന്നത്. പിന്നീട് അടിമകളാക്കി വയ്ക്കുകയും ചൂഷണം ചെയ്യുകയും ചെയ്യും.
സെപ്റ്റംബർ 19 നു നടന്ന റെയ്ഡിലാണു യുവതികളെ മോചിപ്പിച്ചതെങ്കിലും കുറ്റവാളികളെ മുഴുവൻ പിടികൂടാനായി വിവരം രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. പലപ്പോഴും കൃത്യസമയത്ത് ചികിത്സ ലഭിക്കാതെയും ആശുപത്രിയിലെത്തിക്കാതെയുള്ള ചികിത്സയും നിമിത്തം ഇവർക്കൊപ്പമുണ്ടായിരുന്ന പലർക്കു ജീവഹാനി സംഭവിച്ചതായി പോലീസ് രക്ഷപ്പെടുത്തിയവർ പറയുന്നു. കേന്ദ്രം നടത്തിക്കൊണ്ടിരുന്ന പരിശീലനം ലഭിക്കാത്ത രണ്ട് നഴ്സുമാർക്ക് വേണ്ടിയുള്ള തിരച്ചിൽ ഉൗർജിതമാക്കിയതായി നൈജീരിയൻ പോലീസ് വ്യക്തമാക്കി.