ചേർത്തല: അരൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന ഷാനിമോൾ ഉസ്മാനെതിരെ വിമത വനിത മത്സര രംഗത്ത്. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഗീത അശോകൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിൽ യുവജനങ്ങളെ പരിഗണിക്കാത്തതിൽ പ്രതിഷേധിച്ചാണ് മത്സരിക്കുന്നത്. യുവജന വിരുദ്ധ നിലപാടാണ് നേതൃത്വം സ്വീകരിച്ചത്. ജനകീയത മാനദണ്ഡമാക്കാതെ നേതാക്കളുടെ താത്പര്യം മുൻനിർത്തിയും സംഘടനാ പ്രവർത്തനം ഉപേക്ഷിച്ചു പുതിയ സ്ഥലം തേടിപ്പോയവരും മത്സരിച്ചു സ്ഥിരം തോൽക്കുന്നവരുമാണ് കോണ്‍ഗ്രസ് പട്ടികയിലുള്ളത്.
അരൂർ സ്വദേശികളായ യൂത്ത് കോണ്‍ഗ്രസ് നേതാക്കൾ, യൂത്ത് കോണ്‍ഗ്രസ് അരൂർ പാർലമെന്റ് മണ്ഡലം പ്രസിഡന്റ് തുടങ്ങിയവരെ തഴഞ്ഞതിൽ യുവജനങ്ങൾക്കിടെ കടുത്ത അതൃപ്തിയാണുള്ളത്. സിപിഎമ്മും ബിജെപിയും യുവജനങ്ങൾക്ക് പ്രാതിനിഥ്യം നൽകിയെന്നും അവർ പറഞ്ഞു. അരൂരിൽ യൂത്ത് കോണ്‍ഗ്രസിൽ രണ്ടു മണ്ഡലം സെക്രട്ടറിമാർ രാജിവച്ചെന്നും രാജി തുടരുമെന്നും യുവജനങ്ങളുടെ താത്പര്യപ്രകാരമാണ് താൻ മത്സരിക്കുന്നതെന്നും അവർ പറഞ്ഞു.