തുറവൂർ: ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന വിധവയായ സ്ത്രീയെ മരിച്ച് പുഴുവരിച്ച നിലയിൽ കണ്ടെത്തി. തുറവൂർ പഞ്ചായത്ത് രണ്ടാം വാർഡിൽ തിരുമല ഭാഗത്ത് ഇടവഴിക്കൽ വീട്ടിൽ അനസൂയ (62) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ഇരുപത്തി എട്ടാം തീയതിയാണ് ഇവരെ അവസാനമായി നാട്ടുകാർ കണ്ടത്. ബന്ധുക്കളുമായും അയൽക്കാരുമായും അകന്ന് ജീവിക്കുകയായിരുന്നു ഇവർ.
ഇന്നലെ രാവിലെ വീട്ടിൽ നിന്ന് ദുർഗന്ധം ഉണ്ടായതിനെ തുടർന്ന് പരിസരവാസികൾ നടത്തിയ പരിശോധനയിൽ വീട്ടിലെ ടിവി പ്രവർത്തിക്കുന്നതായും വാതിൽ അകത്ത് നിന്ന് പൂട്ടിയ നിലയിലും കണ്ടെത്തി. തുടർന്ന് ഇവരുടെ വീടിന് അടുത്തു താമസിക്കുന്ന സഹോദരനെ അറിയിക്കുകയും ഇദ്ദേഹം കുത്തിയതോട് പോലീനെ അറിയിക്കുകയും ചെയ്തു.
തുടർന്ന് നടത്തിയ അന്വഷണത്തിലാണ് ഉറുന്പും പുഴുവും അരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം സംസ്കരിച്ചു. ഏക മകൻ മുൻപ് ഒരു അപകടത്തിൽ മരണപ്പെട്ടിരുന്നു.