ഗാന്ധിനഗർ: ഇനി വീട്ടിൽ ഇരുന്നും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സക്കായി ഒപി ചീട്ട് എടുത്ത് ഉദ്ദേശിച്ച ഡോക്ടറുടൈ തീയതിയും സമയവും നേരത്തെ ഉറപ്പാക്കി മികച്ച ചികിത്സ തേടാം. ദൂരസ്ഥലങ്ങളിൽനിന്ന് അതിരാവിലെ വന്ന് ഒപി ചീട്ടിനായി മണിക്കൂറുകൾ കാത്തുനിൽക്കേണ്ട ദുരനുഭവമാണ് പഴങ്കഥയാകുന്നത്. മൊബൈൽ ഫോണോ കംപ്യൂട്ടറോ ഉപയോഗിച്ച് ഓണ്‍ലൈനായി ഒപി ചിട്ടെടുക്കാനുള്ള സൗകര്യമാണ് ഒരുങ്ങുന്നത്. ഒപിക്കു മുന്നിൽ ജനത്തിരക്കിൽ ഭക്ഷണംപോലും കഴിക്കാതെ തങ്ങളുടെ ഉൗഴം കാത്തുനിന്ന് വിഷമിക്കേണ്ട അവസ്ഥക്കാണ് ഇ ഹെൽത്ത് പദ്ധതി നടപ്പാക്കുന്നതോടെ വിരാമമാകുന്നത്.
ഫാർമസിക്കു മുന്നിലും ലാബുകൾക്കു മുന്നിലും നീണ്ട വരികളും ഇനി കാണാനുണ്ടാകില്ല. രോഗികൾക്ക് ഏറെ ആശ്വാസമാകുന്ന അവിശ്വസനീയ മാറ്റങ്ങളാണ് വരാൻ പോകുന്നത്. ആരോഗ്യമേഖലയിൽ ശാസ്ത്രീയമായ ആസൂത്രണം നടത്തുക എന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പാക്കുന്ന ഇ- ഹെൽത്ത് പദ്ധതിയുടെ ഭാഗമായി മെഡിക്കൽ കോളജും അനുബന്ധ സ്ഥാപനങ്ങളും ഹൈടെക് ആക്കുന്ന പ്രവർത്തനമാരംഭിച്ചു.
കെൽട്രോണിന്റെ നേതൃത്വത്തിലാണ് കംപ്യൂട്ടർവൽക്കരണ പ്രവൃത്തികൾ പുരോഗമിക്കുന്നത്. 888 കംപ്യൂട്ടറുകളാണ് ഇവിടെ സജ്ജമാക്കുന്നത്. മാതൃശിശു സംരക്ഷണ കേന്ദ്രം, സൂപ്പർ സ്പെഷാലിറ്റി, ഹൃദ്രോഗരാഗാശുപത്രി, ത്രിതല കാൻസർ സെന്റർ എന്നിവിടങ്ങളിലെ പ്രവർത്തനം പൂർത്തീകരിച്ചു. എംസിഎച്ചിൽ ബയോകെമിസ്ട്രി, പാത്തോളജി ലാബുകളിൽ പ്രവൃത്തി പൂർത്തീകരിച്ചു. പുതിയ ഒപി ബ്ലോക്കിന്റെ നിർമാണ പ്രവർത്തനം പൂർത്തിയാകുന്ന മുറക്ക് ഇവിടെയും സജ്ജമാകും.
ഇ- ഹെൽത്ത് പ്രാവർത്തികമാകുന്നതോടെ എല്ലാവർക്കും ആശുപത്രിയിൽ നിന്ന് ഒപി ചീട്ടെടുക്കുന്പോൾ ഒരു യുഐഡി നന്പർ ലഭിക്കും. ചികിത്സയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഡാറ്റാ ബെയ്സിൽ ശേഖരിക്കും. ഈ നന്പർ ഉപയോഗിച്ച് എത്ര വർഷം കഴിഞ്ഞാലും ഏതു ഡോക്ടർക്കും രോഗവുമായി ബന്ധപ്പെട്ട എല്ലാ വിവരവും ലഭ്യമാകും. ഓണ്‍ലൈനിലോ അല്ലാതെയോ ഒപി ചീട്ടെടുത്ത് എത്തുന്ന രോഗി ഒപിയിൽ വന്ന് സ്കാനറിൽ ചീട്ട് കാണിച്ച് അൽപ്പസമയം ഇരിപ്പിടത്തിൽ വിശ്രമിച്ച് ഡോക്ടറെ കാണിക്കാം.
ശിതീകരിച്ച ഇരിപ്പിടവും അനുബന്ധ സംവിധാനവും എംസിഎച്ച് ഒഴികെ എല്ലായിടത്തും നിർമാണം പൂർത്തിയായിട്ടുണ്ട്. പരിശോധന നടത്തുന്ന ഡോക്ടർക്ക് ഡാറ്റാബേസിൽനിന്ന് മരുന്നിന്റെയും ലബോറട്ടറി പരിശോധന സംബന്ധിച്ചും വിവരങ്ങൾ ലഭ്യമാകും. രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത് മുതൽ ഡിസ്ചാർജ് ചെയ്യുന്നതുവരെ സുതാര്യമായ രീതിയിൽ കാര്യങ്ങൾ ചെയ്യാൻ ഇ ഹെൽത്ത് പദ്ധതി പ്രാവർത്തികമാകുന്നതോടെ കഴിയുന്നത്.