കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി.ഒ.സൂരജ് ഉള്‍പ്പെടെയുള്ള നാല് പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടി. ഈമാസം 17 വരെയാണ് വിജിലന്‍സ് കോടതി റിമാന്‍ഡ് കാലാവധി നീട്ടിയത്. ടി.ഒ. സൂരജ്, ഒന്നാം പ്രതി സുമിത് ഗോയല്‍, രണ്ടാം പ്രതിയും കേരള റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്പറേഷന് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എം.ടി തങ്കച്ചന്, മൂന്നാം പ്രതിയും കിറ്റ്കോ ജോയിന്റ് ജനറല്‍ മാനേജരുമായ ബെന്നി പോള്‍ എന്നിവരുടെ റിമൻഡ് കാലാവധിയാണ് നീട്ടിയത്.
അതേസമയം, മേല്‍പ്പാലത്തിന്റെ ടെണ്ടറില്‍ തിരിമറി നടന്നതിന് പിന്നില്‍ രാഷ്ട്രീയനേതാക്കള്‍ക്ക് പങ്കുണ്ടോയെന്ന കാര്യം അന്വേഷിച്ചുവരികയാണെന്ന് വിജിലന്‍സ് അറിയിച്ചു. ടെണ്ടര്‍ നടപടികളില്‍ പങ്കെടുക്കുന്നത് ഉദ്യോഗസ്ഥരാണ്. എന്നാൽ, ഇത്രയും വലിയ ക്രമക്കേട് സംഭവിച്ചതിന് പിന്നില്‍ മറ്റാരുടെയെങ്കിലും ഇടപെടലുണ്ടായിട്ടുണ്ടോയെന്ന സംശയത്തിന്റെ സാഹചര്യത്തിലാണ് രാഷ്ട്രീയ നേതാക്കളുടെയടക്കം സ്വാധീനം അന്വേഷിക്കുന്നത്.
നിര്‍മാണ കരാര്‍ ആര്‍ഡിഎസ് കമ്പനിക്ക് നല്കാന് ടെണ്ടര്‍ രേഖകളില്‍ തിരിമറി നടത്തിയതായി വിജിലന്‍സ് കഴിഞ്ഞദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. ടെന്‍ഡറിലും കൃത്രിമം നടന്നതായി സംശയമുണ്ടെന്നും ഗൗരവമേറിയ ഇക്കാര്യം നിസാരമായി കാണാനാവില്ലെന്നും കോടതി പറഞ്ഞിരുന്നു.
ഒന്നും പറയാനില്ലെന്ന് ടി.ഒ സൂരജ്
കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിയെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയാനില്ലെന്ന് പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി.ഒ സൂരജ്. കൊച്ചിയില്‍ നടക്കുന്ന വിജിലന്‍സ് ക്യാമ്പ് സിറ്റിംഗില്‍ ഹാജരാക്കാന്‍ കൊണ്ടുവരുന്നതിനിടെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. കേസ് ഹൈക്കോടതിയുടെ പരിഗണയിലാണെന്നും ഈ സാഹചര്യത്തില്‍ ഒന്നും പറയാനില്ലെന്നുമാണ് സൂരജ് വ്യക്തമാക്കിയത്. കഴിഞ്ഞ ക്യാമ്പ് സിറ്റിംഗില്‍ ഹാജരാക്കാന്‍ കൊണ്ടുവരുന്നതിനിടെയാണ് സൂരജ് മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ ആരോപണം ഉന്നയിച്ചത്.