കടുത്തുരുത്തി: തിരുവനന്തപുരം-കാസർഗോഡ് സെമി ഹൈ സ്പീഡ് റെയിൽവേ യാഥാർത്ഥ്യമായാൽ മുളക്കുളം പഞ്ചായത്ത് പ്രദേശം രണ്ടായി മുറിയും. പാത വരുന്നതോടെ മുളക്കുളം പഞ്ചായത്തിലെ നൂറ് കണക്കിന് കുടുംബങ്ങളും സ്ഥാപനങ്ങളും ഒഴിയേണ്ടി വരും. കോട്ടയം ജില്ലയിൽ മുളക്കുളത്ത് നിന്നുആരംഭിച്ച് അറുനൂറ്റിമംഗലത്ത് ഇന്ദിര ജംഗ്ഷൻ വഴിയാണ് പാത കടന്നു പോകുന്നത്.
മുളക്കുളം അന്പലപ്പടിയിൽ നിന്ന് ഇരുനൂറ്റിയന്പത് മീറ്റർ എച്ച്എൻഎൽ റോഡിലാണ് ആദ്യത്തെ മാർക്കിംഗ്. ഇവിടെ നിന്നും കുന്നപ്പിള്ളി പാന നടയിലാണ് അടുത്ത മാർക്കിംഗ്.പിന്നീട് ഞീഴൂർ പഞ്ചായത്തിലെ മഠത്തിപ്പറന്പിലാണ് മാർക്കിംഗ് നടത്തിയിരിക്കുന്നത്. മുളക്കുളത്തുനിന്നും പഞ്ചായത്ത് ഓഫീസിനും വില്ലേജ് ഓഫീസിനും മധ്യത്തിലൂടെയായിരിക്കും പാത കടന്നു പോകുന്നതെന്ന് സർവേക്കെത്തിയവർ പറഞ്ഞിരുന്നു.
മൂവാറ്റുപുഴയാറിന്റെ തീരത്ത് മത്സ്യക്കോളനി വഴി വരുന്ന പാത മുളക്കുളം പഞ്ചായത്ത് ഓഫീസിന്റെ പുറകുവശത്തെ ഓലിപ്പടവ് കോളനി, പൈക്കര ക്ഷേത്രം വഴി പാനനടയിലും അവിടെനിന്നും മടത്താട്ട് കോളനി, ഇന്ദിര ജംഗ്ഷൻ വഴി മഠത്തിപ്പറന്പിലേക്കുമായിരിക്കാം പാതകടന്നു പോകുന്നതെന്നും അതല്ല, മുളക്കുളം ഇടയാറ്റ് പാടശേഖരത്തിനു നടുവിലൂടെയായിരിക്കും പാതപോകുന്നതെന്നും നാട്ടുകാർ ആശങ്കപ്പെടുന്നു. എന്തായാലും ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.