കോഴിക്കോട്: ചിന്താവളപ്പിനും കോട്ടപ്പറമ്പിനും ഇടയിലെ റോഡരികില്‍ വയോധികനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ഉത്തര്പ്രദേശകുമാരനായ ശിവ(30). കൊലപാതകത്തിന് ശേഷം ഇയാള്‍ മുങ്ങിയിരിക്കുകയാണ്. ദൃക്സാക്ഷിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നഗരത്തില്‍ ആക്രിസാധാനങ്ങള് ശേഖരിക്കുന്ന ശിവയാണ് പ്രതിയെന്ന് പോലീസ് സ്ഥിരീകരിച്ചത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്നുണ്ട്. തലയ്ക്ക് ചവിട്ടിയാണ് കൊലപ്പെടുത്തിയതെന്നാണ് സാക്ഷിമൊഴി.
അതേസമയം മുങ്ങിയ ശിവയെ കണ്ടെത്താന്‍ സൗത്ത് അസി.കമ്മീഷണര്‍ എ.ജെ.ബാബുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡ് പരിശോധന ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും ശിവയുടെ ഫോട്ടോ പോലീസ് കൈമാറിയിട്ടുണ്ട്. ശിവ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറില്ല. അതിനാല്‍ എവിടെയാണുള്ളതെന്ന് കണ്ടെത്തുക പ്രയാസമാണ്. ഇയാളുമായി അടുത്ത ബന്ധമുള്ളവരും കുറവാണെന്നാണ് അറിയുന്നത്.
കഴിഞ്ഞ മാസം 23 നാണ് നടുവട്ടം സ്വദേശി രാജന് (70) കൊല്ലപ്പെട്ടത്. ഈസ്റ്റ് കോട്ടപ്പറമ്പ് അല്‍ മുബാറഖ് ബില്‍ഡിംഗിന് താഴെയാണ് മൃതദേഹം നാട്ടുകാര്‍ കണ്ടത്. നഗരത്തില്‍ പെയ്ന്റിംഗ് ജോലിയും ആക്രിസാധന വില്പനയും നടത്തിയിരുന്നയാളാണ് രാജന്. രാജനും സുഹൃത്തുക്കളായ ശിവയും മലയാളി ജയപാലനും മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.
മദ്യത്തിന്റെ അളവ് കുറഞ്ഞതിന്റെ പേരിലാണ് ശിവയും രാജനും തമ്മില്‍ തര്‍ക്കം തുടങ്ങിയത് .പിന്നീട് ഉന്തും തള്ളുമായി. ഒടുവില്‍ ശിവ രാജനെ നിലത്ത് തള്ളിയിടുകയും തലയ്ക്ക് ചിവിട്ടി കൊലപ്പെടുത്തുകയുമായിരുന്നു. ഇക്കാര്യം ആദ്യഘട്ടത്തില്‍ ജയപാലന് മറച്ചു വയ്ക്കുകയായിരുന്നു. എന്നാല്‍ പോലീസ് വീണ്ടും ചോദ്യം ചെയ്തതോടെയാണ് സംഭവം തുറന്നുപറഞ്ഞത്. കസബ സിഐ ഹരിപ്രസാദാണ് കേസ് അന്വേഷിക്കുന്നത്.