ന്യൂഡൽഹി: തെരഞ്ഞെടുപ്പ് ജോലികൾക്ക് അധ്യാപകരെ നിയോഗിക്കുന്നതിനെതിരേ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം. ഇക്കാര്യം ചൂണ്ടിക്കാട്ടി മന്ത്രാലയം വിവിധ ജില്ലകളിലെ വരണാധികാരികളായ കളക്ടർമാർക്കു കത്തയച്ചു.
അധ്യാപകരുടെ തെരഞ്ഞെടുപ്പ് ജോലികൾ കുറയ്ക്കണമെന്നും ഈ ജോലികൾ അവരുടെ അധ്യാപനത്തെ ബാധിക്കരുതെന്നുമാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പു ജോലികളിൽ നിയോഗിക്കുന്നതു വിലക്കണമെന്ന അഭിപ്രായം മന്ത്രാലയത്തിനില്ല. പ്രധാന വോട്ടെടുപ്പ് അടക്കമുള്ള മുഖ്യജോലികൾക്കാവാം. എന്നാൽ വോട്ടർ പട്ടിക പുതുക്കുന്നത് അടക്കമുള്ള ജോലികൾക്കു നിയോഗിക്കുന്നതിനോടു യോജിപ്പില്ലെന്നു കത്തിൽ പറയുന്നു.
തെരഞ്ഞെടുപ്പിൽ ബൂത്ത് ലെവൽ ഓഫീസർമാരായി സർക്കാർ സ്കൂളുകളിലെ അധ്യാപകരെ നിയോഗിക്കാറുണ്ട്. ജില്ലാ കളക്ടർമാരാണ് ഈ നിയമനം നടത്തുന്നത്. ഇതോടെ മൂന്നു നാലു മാസത്തേക്ക് അധ്യാപകർക്കു കൂടുതൽ തെരഞ്ഞെടുപ്പ് ഉത്തരവാദിത്തങ്ങൾ വഹിക്കേണ്ടിവരുന്നതായി മന്ത്രാലയം കത്തിൽ ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പിൽ ബൂത്ത് ലെവൽ ഓഫീസർമാരായി മറ്റു വകുപ്പുകളിലെ സർക്കാർ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും മന്ത്രാലയം കത്തിൽ ആവശ്യപ്പെട്ടു. നേരത്തെ, അധ്യാപകരെ ബൂത്ത് ലെവൽ ഓഫീസർമാരായി നിയമിക്കുന്ന പതിവ് ഡൽഹി സർക്കാർ അവസാനിപ്പിച്ചിരുന്നു.
പകരം മറ്റു സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥരെയാണ് ഈ പദവിയിൽ നിയോഗിച്ചത്. ഈ നീക്കത്തിൽനിന്നു പ്രചോദനം ഉൾക്കൊണ്ടാണു മാനവവിഭവശേഷി മന്ത്രാലയത്തിന്റെ കത്ത്.