ചിങ്ങവനം: പനച്ചിക്കാട് ദക്ഷിണ മൂകാംബിയിൽ പൂജവെപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഇതിനായി സരസ്വതി സന്നിധിയിൽ പ്രത്യേകം മണ്ഡപം ഒരുങ്ങി കഴിഞ്ഞു. പൂജവെപ്പിനായി വിശിഷ്ഠ ഗ്രന്ഥങ്ങളും, പാഠപുസ്തകങ്ങളും വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര നാളെ വൈകുന്നേരം 6.15ന് ക്ഷേത്ര സന്നിധിയിൽ എത്തിച്ചേരും.
കുഴിമറ്റം ഉമാമഹേശ്വര ക്ഷേത്രം, ചോഴിയക്കാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, സ്വാമി വിവേകാനന്ദ പബ്ലിക് സ്കൂൾ എന്നിവിടങ്ങളിൽ നിന്നും ആരംഭിക്കുന്ന ഘോഷയാത്രകൾ വൈകുന്നേരം 5.30ന് പരുത്തുംപാറയിൽ എത്തിച്ചേരുന്പോൾ പനച്ചിക്കാട് ശ്രീസരസ്വതി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ ഭക്തജനങ്ങൾ സ്വീകരണം നൽകുകയും തുടർന്ന് ഘോഷയാത്രയിൽ പങ്കാളികളാകുകയും ചെയ്യും.
തുടർന്ന് വിവിധ വാദ്യമേളങ്ങളുടെ അകന്പടിയോടെ ഘോഷയാത്ര പനച്ചിക്കാട് കുമാരനാശാൻ മെമ്മോറിയൽ എസ്എൻഡിപി ശാഖയുടേയും, പനച്ചിക്കാട് എൻഎസ്എസ് കരയോഗ മന്ദിരത്തിന്റെയും സ്വീകരണത്തിനുശേഷം ക്ഷേത്രങ്കണത്തിൽ എത്തിച്ചേരുന്നതും 6.30ന് സരസ്വതി സന്നിധിയിൽ പ്രത്യേകം തയാറാക്കിയ മണ്ഡപത്തിൽ പൂജവയ്ക്കും. തുടർന്ന്, കലാമണ്ഡപത്തിൽ ഒന്പതിന്, മേജർസെറ്റ് കഥകളി അരങ്ങേറും.
ദുർഗാഷ്ടമി ദിനമായ ആറിന്, രാത്രി എട്ടിന് കലാമണ്ഡലം രജനീഷ് ചാക്യാറും സംഘവും അവതരിപ്പിക്കുന്ന കൂടിയാട്ടം. മഹാനവമി ദിനമായ ഏഴിന് രാവിലെ 9.30 മുതൽ ദക്ഷിണ മൂകാംബി സംഗീതോത്സവം. വിജയദശമി ദിനമായ എട്ടിന്, രാവിലെ നാലു മുതൽ എഴുത്തിനിരുത്ത് ആരംഭിക്കും.
സരസ്വതി സന്നിധിയിൽ പ്രത്യേകം തയാറാക്കിയ മണ്ഡപത്തിൽ 51 ആചാര്യന്മാർ കുട്ടികളെ എഴുത്തിനിരുത്തും. കലാണ്ഡപത്തിൽ ദേശീയ സംഗീതോത്സവത്തിൽ ഇന്ന് ഗീതാ പത്മകുമാർ പെരുന്പാവൂരും സഘവും കുച്ചുപ്പുടി അവതരിപ്പിക്കും.