തുറവൂർ: അരൂരിലെ യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാനെതിരെയുള്ള കേസ് നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് യുഡിഎഫ് നേതൃത്വം. എൽഡിഎഫ് പരാജയം ഭയന്നാണ് സ്ഥാനാർഥിക്കെതിരെ ജാമ്യമില്ല വകുപ്പു പ്രകാരം കേസെടുത്തിരിക്കുന്നതെന്നും മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടെങ്കിൽ ഷാനിമോളെ അറസ്റ്റു ചെയ്യണമെന്നും യുഡിഎഫ് നേതാക്കൾ വെല്ലുവിളിച്ചു. ജയിലിൽ കിടന്നും തെരഞ്ഞെടുപ്പിനെ നേരിടാൻ തയ്യാറാണെന്ന് നേതാക്കൾ പറഞ്ഞു.
ഒന്നര വർഷം മുന്പ് ടെന്റർ കൊടുത്ത റോഡിന്റെ പണി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ചെയ്യാൻ എത്തിയത് പെരുമാറ്റ ചട്ടലംഘനമാണെന്ന് ചൂണ്ടി കാണിച്ചതാണ് ഷാനിമോൾ ചെയ്ത തെറ്റ്. പാതിരാത്രിയിലുള്ള റോഡ് പണി നാട്ടുകാർ തടഞ്ഞപ്പോൾ അവരോടൊപ്പം ചേർന്നതിനാണ് കേസെടുത്തിരിക്കുന്നതെന്നു നേതാക്കൾ പറഞ്ഞു. മണ്ഡലത്തിൽ സർക്കാരും മന്ത്രിമാരും ഉദ്യോഗസ്ഥരും ചേർന്ന് നഗ്നമായ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനമാണ് നടത്തുന്നത്.
ലൈഫ് പദ്ധതിയിൽ വീടു വാഗ്ദാനം, മത്സ്യതൊഴിലാളികൾക്ക് വീട് വാഗ്ദാനം, പ്രളയ ആനൂകൂല്യങ്ങൾ നൽകാൻ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സർവേ, വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡ് നന്നാക്കൽ തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടലംഘനം നടത്തുകയാണെന്നും മന്ത്രിമാരായ തോമസ് ഐസക്ക്, പി. തിലോത്തമൻ, മേഴ്സിക്കുട്ടി അമ്മ, പി. രവീന്ദ്രനാഥ് തുടങ്ങിയവർ അതാതുവകുപ്പിനു കീഴിൽ വരുന്ന ജീവനക്കാരുടേയും സ്ഥാപന ഉടമകളുടേയും തൊഴിലാളികളുടേയും യോഗം വിളിച്ച് നടപ്പിലാക്കാൻ സാധിക്കാത്ത പദ്ധതികൾ പോലും വാദ് ദാനം ചെയ്ത് ജനങ്ങളെ കബളിപ്പിക്കുകയാണെന്നും ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ല കളക്ടർക്കും പരാതി നൽകിയതായും യുഡിഎഫ് നേതാക്കളായ പി.ടി. തോമസ് എംഎൽഎ, എം. ലിജു, ദിലീപ് കണ്ണാടൻ, ഫസലുദിർ, കെ. ഉമേഷൻ തുടങ്ങിയവർ പറഞ്ഞു.