സ്വന്തം ലേഖകൻ
തൃശൂർ: ഭിന്നശേഷിയുള്ള വിദ്യാർഥികളുടെ സർഗശേഷിയും പഠനശേഷിയും ആധുനിക സാങ്കേതിക വിദ്യകളുടെകൂടി സഹായത്തോടെ കണ്ടെത്തി വളർത്തിയെടുക്കാൻ അധ്യാപകരും രക്ഷിതാക്കളും ശ്രദ്ധിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. സംസ്ഥാന സർക്കാർ തൃശൂരിൽ നടത്തുന്ന ’അവസരങ്ങളുടെ ആഘോഷ’ത്തിൽ ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണങ്ങളുടെ പ്രദർശനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭിന്നശേഷിയുള്ളവർക്കുകൂടി സ്വീകാര്യമായ വിദ്യാഭ്യാസ പാഠ്യപദ്ധതിയാണു നമുക്കു വേണ്ടത്. അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു വളർത്തിക്കൊണ്ടുവരണം. എല്ലാവരേയും ഉൾക്കൊള്ളുന്ന ജനകീയ വിദ്യാഭ്യാസമാണു നമുക്കുവേണ്ടത്. ഭിന്നശേഷിയുള്ള കുട്ടിയെ അടിച്ചും ശകാരിച്ചും പഠിപ്പിക്കാൻ ശ്രമിച്ചാൽ അവരുടെ ആത്മവിശ്വാസംപോലും ഇല്ലാതാകും.
ഓരോ കുട്ടിയും സ്വന്തം കഴിവുകളിൽ മികവു പ്രകടമാക്കുന്പോഴാണ് ആത്മവിശ്വാസം വർധിക്കുക. മാതാപിതാക്കൾക്കും അത് ആശ്വാസകരമാണ്. അദ്ദേഹം പറഞ്ഞു. സെൻട്രൽ ഡിസെബിലിറ്റി ബോർഡംഗം ജി. വിജയരാഘവൻ മുഖ്യപ്രഭാഷണം നടത്തി. എൻഐപിഎംആർ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ബി. മുഹമ്മദ് അഷീൽ, ഡിപിസി അംഗം വർഗീസ് കണ്ടംകുളത്തി, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് മഞ്ജുള അരുണൻ, ഡോ. സിന്ധു വിജയകുമാർ എന്നിവർ പ്രസംഗിച്ചു.
സാമൂഹ്യനീതി വകുപ്പ്, കേരള സാമൂഹ്യ സുരക്ഷാ മിഷൻ, കല്ലേറ്റുങ്കരയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ എന്നിവയുടെ ആഭിമുഖ്യത്തിലാണ് അവസരങ്ങളുടെ ആഘോഷം ഒരുക്കിയിരിക്കുന്നത്. സംസ്ഥാനത്ത് ഇതാദ്യമായാണ് സെമിനാറുകളും പ്രദർശനവും പരിശോധനയും അടക്കമുള്ള പരിപാടി സംഘടിപ്പിക്കുന്നത്. ഞായറാഴ്ച ഉച്ചയോടെ സമാപിക്കും.