പൂച്ചാക്കൽ: ചേർത്തലയിലെ ഇന്ത്യൻ കോഫീ ഹൗസിൽ കഴിഞ്ഞ ദിവസം പതിവുപോലെ ഭക്ഷണം കഴിക്കാനെത്തിയവരെല്ലാം അന്പരപ്പോടെയാണ് മടങ്ങിയത്. കിരീടം പോലുള്ള തൊപ്പി വച്ച് ഭക്ഷണവുമായെത്തുന്ന ജീവനക്കാരുടെയിടയിലോ അടുക്കളയിൽ ഭക്ഷണമൊരുക്കുന്നവരുടെയിടയിലോ കൗണ്ടറിലിരിക്കുന്നയാളായോ സ്ത്രീകളെ കോഫി ഹൗസിൽ ഇന്നേവരെ കണ്ടിട്ടില്ലാത്തവർ ബിന്ദുവിനേയും വർഷയേയും അത്ഭുതത്തോടെ നോക്കി.
പതിവു ജീവനക്കാർക്കൊപ്പം കഴിഞ്ഞ ദിവസം മുതൽ ചുറുചുറുക്കോടെ ഓടി നടന്ന് ജോലി ചെയ്യുന്ന രണ്ടു വനിതകളെയും കണ്ടവർ ഇതെന്തു കഥ എന്ന് അത്ഭുതപ്പെട്ടു. നിങ്ങളെ പണിക്കെടുത്തോ എന്നായിരുന്നു പലുടേയും ചോദ്യം. അത്ഭുതത്തോടെ നോക്കിയവർക്കെല്ലാം ഒരു പുഞ്ചിരിയോടെ ബിന്ദു മറുപടിയും നൽകി.
“അതേ…ഞങ്ങളും ഇന്ത്യൻ കോഫീ ഹൗസിലെ ജീവനക്കരാണ്….”. ഇന്ത്യൻ കോഫീ ഹൗസിന്റെ ചരിത്രത്തിൽ പുതിയ അധ്യായം എഴുതപ്പെടുകയായിരുന്നു. സംസ്ഥാനത്തെ നാല് ജില്ലകളിലായി ആറ് വനിതകളാണ് ജീവനക്കാരായി കഴിഞ്ഞ ദിവസം ചുമതലയേറ്റത്. ജില്ലയിലെ ചേർത്തല ഇന്ത്യൻ കോഫീ ഹൗസിൽ രണ്ട് വനിതകളാണ് ജീവനക്കാരായി ചുമതലയേറ്റത്.
പള്ളിപ്പുറം പഞ്ചായത്ത് അഞ്ചാം വാർഡിൽ തിരുവാതിരയിൽ പരേതനായ ജയകുമാറിന്റെ ഭാര്യ ബിന്ദു, പള്ളിപ്പുറം കിഴക്കെ പാലക്കുളങ്ങരയിൽ പരേതനായ രാധാകൃഷ്ണന്റെ മകൾ വർഷ എന്നിവരാണ് ചുമതലയേറ്റത്.ഇരുവരുടെയും ആശ്രിത നിയമനമാണ്.
ചേർത്തല ബ്രാഞ്ചിലെ മാനേജരായിരിക്കെ ഒരു വർഷം മുന്പാണ് ജയകുമാർ മരണപ്പെട്ടത്. ആലപ്പുഴ ബ്രാഞ്ചിലെ ജീവനക്കാരനായിരിക്കെ 18 വർഷം മുന്പാണ് രാധാകൃഷ്ണൻ മരിച്ചത്. ആറു മാസം ഇവർക്ക് പ്രൊബേഷൻ സമയമാണ്. തിരുവനന്തപുരത്ത് രണ്ടും തൃശൂരും എറണാകുളത്തും ഓരോരുത്തർ വീതവുമാണ് സമാന രീതിയിൽ ജോലിയിൽ പ്രവേശിച്ചത്.
1958 ൽ കമ്യൂണിസ്റ്റ് നേതാവായിരുന്ന ഏ.കെ. ഗോപാലൻ മുൻകൈ എടുത്ത് സ്ഥാപിച്ച ഇന്ത്യൻ കോഫീ ഹൗസ് രണ്ട് സൊസൈറ്റികൾക്ക് കീഴിലാണ് പ്രവർത്തിക്കുന്നത്. 80 ഓളം ശാഖകളിലായി 3500 ഓളം ജീവനക്കാരുണ്ട്. ആറ് വനിതകൾ ജീവനക്കാരായി ചുമതലയേൽക്കുന്പോൾ വിരാമമാകുന്നത് കോഫീ ഹൗസിലെ പുരുഷാധിപത്യത്തിനു കൂടിയാണ്.