തുറവൂർ: ഉപതെരഞ്ഞെടുപ്പ് സൃഷ്ടിച്ച അരൂർ ജനകീയ കോടതിയിൽ അഭിഭാഷകരുടെ തീപാറും പോരാട്ടം. യുഡിഎഫ് സ്ഥാനാർഥിയായി ഷാനിമോൾ ഉസ്മാൻ, ഇടതു പക്ഷ സ്ഥാനാർഥി മനു.സി.പുളിക്കൽ, എൻഡിഎ സ്ഥാനാർഥിയായി കെ.പി. പ്രകാശ് ബാബു എന്നീ അഭിഭാഷകരാണ് ’ജനകീയ കോടതി’ൽ ജനവിധി തേടുന്നത്.
കഴിഞ്ഞ ദിവസം യുഡിഎഫ് സ്ഥാനാർഥിക്കെതിരെ ജാമ്യമില്ല വകുപ്പു പ്രകാരം കേസെടുത്ത തോടെ പ്രസംഗവേദികളിലും മറ്റും നിയമം സംബന്ധിച്ച ചർച്ചയാണ്. തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയപ്പോൾ എതിർത്തതിന്റെ പേരിൽ ജയിലിലടച്ചാലും തങ്ങൾ ജനങ്ങളോടൊപ്പം നിയമ ലംഘനങ്ങൾക്കെതിരെ ഇനിയും പോരാടുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാൻ പ്രസംഗിക്കുന്പോൾ, വികസന പ്രവർത്തനങ്ങൾക്ക് തടസം നിന്നതിന്റെ പേരിലാണ് കേസെടുത്തതെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി മനു.സി.പുളിക്കൽ പറയുന്നു.
അതേസമയം കേസെടുക്കൽ നാടകം യുഡിഎഫ് എൽഡിഎഫ് കള്ളക്കളിയാണെന്ന് എൽഡിഎ സ്ഥാനാർഥി പ്രകാശ് ബാബു പറയുന്നു. മണ്ഡലം മുഴുവൻ ഓടിയെത്തുന്ന തിരക്കിലാണ് മൂന്നു മുന്നണി സ്ഥാനാർഥികളും. എൽഡിഎഫും, യുഡിഎഫും നിയോജക മണ്ഡലം കണ്‍വൻഷനുകൾക്കു ശേഷം മണ്ഡലം കണ്‍വൻഷനുകളിലേയ്ക്ക് കടന്നു.
എൻഡിഎയുടെ നിയോജക മണ്ഡലം കണ്വൻഷൻ ഇന്ന് കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും. കെ. സുധാകരൻ, രമ്യ ഹരിദാസ്, ടി.എൻ. പ്രതാപൻ തുടങ്ങിയ എംപിമാരുടെ നേതൃത്വത്തിൽ യുഡിഎഫ് മണ്ഡലം കണ്‍വെൻഷനുകൾ നടത്തുന്പോൾ എൽഡിഎഫ് സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിലാണ് കണ്‍വൻഷനുകൾ നടക്കുന്നത്.