മരട്: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ പൊളിക്കാൻ ഉത്തരവായ ഫ്ളാറ്റുകളുടെ ഉടമകൾക്കു നഷ്ടപരിഹാര തുക നൽകുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഇന്നു തുടങ്ങും. ഉടമസ്ഥാവകാശം തെളിക്കുന്ന അസ്സൽ രേഖകളുമായി നഗരസഭാ കാര്യാലയത്തിലെത്താനാണ് ഉടമകൾകളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
സുപ്രീം കോടതി ഉത്തരവിൽ പറയുന്ന 25 ലക്ഷം വീതമാണ് ഫ്ളാറ്റുകളിൽനിന്നും ഒഴിഞ്ഞുപോയ യഥാർഥ ഉടമകൾക്ക് ആദ്യഘട്ടമായി സർക്കാർ നൽകുക. മരട് നഗരസഭയുടെ കൈവശാവകാശ സർട്ടിഫിക്കറ്റ് അടിസ്ഥാന രേഖയാക്കിയാണ് അർഹതപ്പെട്ടവരുടെ പട്ടിക തയാറാക്കുക.
ഫ്ളാറ്റുകൾ വാങ്ങിയതിന്റെ വിലയാധാരങ്ങൾ, കരാർ രേഖകൾ തുടങ്ങിവയും പരിശോധനയ്ക്കായി നൽകേണ്ടിവരും. നഷ്ടപരിഹാരമായ 25 ലക്ഷം ഉടമകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കായിരിക്കും നിക്ഷേപിക്കുക. കൈവശാവകാശ രേഖകൾ ഇല്ലാത്തവർക്കും ഉടമസ്ഥാവകാശം തെളിയിക്കാൻ കഴിയാത്തവർക്കും നഷ്ടപരിഹാരം ഉടൻ ലഭിക്കുമോ എന്ന കാര്യം സംശയമാണ്.
ഒഴിഞ്ഞുപോയ യഥാർഥ ഉടമകൾക്ക് രണ്ടാഴ്ചക്കകം പണം അവരവരുടെ അക്കൗണ്ടിൽ ലഭിക്കുമെന്നാണ് ഒൗദ്യോഗിക വിവരം. പൊളിക്കാനുള്ള നാലു ഫ്ളാറ്റു സമുച്ചയങ്ങളിലും നിരവധിയെണ്ണം ആധാരത്തിൽ വില കുറച്ചു കാണിച്ച് രജിസ്ട്രർ ചെയ്തിട്ടുള്ളതെന്നാണു കണ്ടെത്തിയിട്ടുള്ളത്.പലതും ഫ്ളാറ്റ് നിർമാതാക്കൾ നേരിട്ടാണ് ഇത്തരം രജിസ്ട്രേഷനുകൾ നടത്തി രേഖകൾ തങ്ങൾക്കു കൈമാറിയിരിക്കുന്നതെന്നാണ് ഉടമകൾ പറയുന്നത്. ഇതിലും തങ്ങൾ വഞ്ചിക്കപ്പെട്ടുവെന്നും ഉടമകൾ പറയുന്നു.
രജിസ്ട്രർ ചെയ്ത ആധാരത്തിൽ കാണിച്ചതിലും കൂടിയ തുക നഷ്ടപരിഹാരമായി ലഭിക്കുമോ എന്ന ആശങ്കയിലാണ് ഒഴിഞ്ഞു പോയ ഉടമകളിൽ പലരും. അതിനിടെ, പൊളിക്കൽ നടപടികൾ 11 മുതൽ ആരംഭിക്കുമെന്നാണു ലഭിക്കുന്ന വിവരങ്ങൾ. ഫ്ളാറ്റ് സമുച്ചയങ്ങൾ പൊളിക്കുന്നതിനു മുന്പുള്ള നടപടിക്രമങ്ങൾ ഈ മാസം എട്ടോടെ പൂർത്തിയാക്കി ഒന്പതിനു പൊളിക്കൽ കരാർ ഏറ്റെടുത്തിരിക്കുന്ന കന്പനിക്കു കൈമാറാനാണ് അധികൃതർക്കു ലഭിച്ചിരിക്കുന്ന നിർദേശം.
11നു രാവിലെ മുതൽ നാലു ഫ്ളാറ്റ് സമുച്ചയങ്ങളും ഒരേ സമയം പൊളിക്കൽ ആരംഭിക്കും വിധമാണ് സമയക്രമങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. പൊളിക്കുന്നതിനു കരാർ നൽകാൻ തെരഞ്ഞെടുത്ത കന്പനികളുടെ പ്രതിനിധികളുമായി വരും ദിവസങ്ങളിൽ സബ് കളക്ടർ ഉൾപ്പെടുന്ന ഉദ്യോഗസ്ഥസംഘം ചർച്ച നടത്തും.