വെള്ളമുണ്ട: തരുവണയുടെ പരിസര പ്രദേശങ്ങളിൽ വ്യാപകമായി തോതിൽ ആശുപത്രിമാലിന്യങ്ങൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഉപയോഗിച്ച് കഴിഞ്ഞ സിറിഞ്ചുകൾ കാലാവധി കഴിഞ്ഞ മരുന്നുകളും ഗുളികളും പ്ലാസ്റ്റിക് റബ്ബർ കൈയ്യുറകൾ, ഒപ്പറേഷൻ ഉപകരണങ്ങൾ, തുടങ്ങിയുള്ള ലോഡ് കണക്കിന് മാലിന്യങ്ങളാണ് പ്രദേശത്ത് പലയിടങ്ങളിലായി തള്ളിയിരിക്കുന്നത്. ഇതിനിടെ കഴിഞ്ഞ ദിവസം സ്കൂൾ പരിസരത്ത് മാലിന്യം ഉപേക്ഷിച്ച സംഭവത്തിൽ വെള്ളമുണ്ട പോലീസ് വാഹനം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
തരുവണ നടക്കലിലെ റിഗ്പണി നടക്കുന്ന സ്വകാര്യ വ്യക്തിയുടെ വയൽ, ആറാംമൈൽ കുന്ന്, പുലിക്കാട് കുന്ന് എന്നീ സ്ഥലങ്ങളിലാണ് മാലിന്യങ്ങൾ ഉപേക്ഷിച്ച നിലയിൽ ഇന്നലെ കണ്ടെത്തിയത്. ഇവിടങ്ങളിലെല്ലാം ആശുപത്രിയിൽ നിന്നും ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളാണ് നാട്ടുകാർ കണ്ടെത്തിയത്. വടകരയിലെ സ്വകാര്യ ആശുപത്രിയായ സിഎം ഹോസ്പിറ്റലിലെ ബില്ലുകളും രോഗികളുടെ ചീട്ടും മാലിന്യങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.
ജനവാസകേന്ദ്രങ്ങളിൽ ഉപേക്ഷിച്ച മാലിന്യങ്ങൾ രൂക്ഷമായ ദുർഗന്ധം പരത്തുകയും തൊട്ടുത്ത വീടുകളിലും കിണറുകളിലും അവശിഷ്ടങ്ങൾ എത്തുകയും ചെയ്തതിനെ തുടർന്നാണ് നാട്ടുകാർ പരിശോധിച്ചത്. മാലിന്യങ്ങളിൽ നല്ലൊരുഭാഗം കത്തിച്ച നിലയിലായിരുന്നു. കഴിഞ്ഞ ദിവസം സ്കൂൾ കുന്നിൽ മാലിന്യം കണ്ടെത്തിയതിനെ തുടർന്ന് വടകരയിലെ സ്വകാര്യ ആശുപത്രി അധികൃതരെ വിളിച്ചു വരുത്തി പോലീസ് തിരിച്ചെടുപ്പിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട് തരുവണ സ്വദേശി മാനിയെന്ന മുഹമ്മദലിയുടെ പേരിലുള്ള വാഹനം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ ഇത് വരെയും ആരെയും സംഭവത്തിൽ പ്രതി ചേർക്കപ്പെട്ടിട്ടില്ല. ഇന്നലെ മാലിന്യം കണ്ടെത്തിയ കേസിൽ വടകരയിലുള്ള സിഎം ഹോസ്പിറ്റൽ മാനേജ്മെന്റിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. പോലീസ് ഗൗരവപരമായി അന്വേഷണം നടത്തുന്നില്ലെന്ന പരാതി വ്യാപകമാണ്.