മുക്കം: കാരശേരി പഞ്ചായത്തിലെ കുമാരനെല്ലൂർ ഗേറ്റുംപടിയിൽ 2017 ജൂലൈ ആറിന്തലയും ഇരുകൈ കാലുകളും ഛേദിച്ച മൃതദേഹം ചാക്കിൽ കെട്ടി റോഡിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഡിഎൻഎ പരിശോധന റിപ്പോർട്ട് പുറത്ത്. വിവിധ ഭാഗങ്ങളിൽ നിന്ന് ലഭിച്ച ശരീരാവശിഷ്ടങ്ങൾ ഒരാളുടേത് തന്നെയാണന്ന് പരിശോധനയിൽ തെളിഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിന്റ ഭാഗമായി ക്രൈംബ്രാഞ്ച് അന്വേഷണം ഊർജിതമാക്കി.
രണ്ടുവർഷം കഴിഞ്ഞിട്ടും കേസന്വേഷണത്തിൽ കാര്യമായ പുരോഗതി ഇല്ലാതായതോടെയാണ് വീണ്ടും സമഗ്രമായ അന്വേഷണം നടത്താൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. ക്രൈംബ്രാഞ്ച് ഐജി ജയരാജ്, കേസ് അന്വേഷണ ചുമതലയുള്ള ഡിവൈഎസ്പി ബിജിൻ കെ. സ്റ്റീഫൻ, എസ്ഐ ജിതേഷ് എന്നിവർ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. ഇവർ സമീപത്തെ തിരുവമ്പാടി എസ്റ്റേറ്റ്, കാരശേരി ഗ്രാമപഞ്ചായത്ത് ഓഫിസ് എന്നിവിടങ്ങളിലെത്തി വിവരങ്ങൾ ശേഖരിച്ചു. കൊല്ലപ്പെട്ടത് ഇതരസംസ്ഥാന തൊഴിലാളിയാണെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച്. അതിനാൽ പ്രധാനമായും ഇതരസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
സംസ്ഥാന തൊഴിലാളികളെ എത്തിക്കുന്ന കോൺട്രാക്ടർമാരുടെ വിവരങ്ങളും സംഘം ശേഖരിച്ചു. 2017 ൽ ചാലിയം കടൽ തീരത്ത് നിന്ന് കണ്ടെത്തിയ കൈകളും തലയോട്ടിയും ഡിഎൻഎ ടെസ്റ്റിലൂടെ ഗേറ്റുംപടിയിൽ ഉപേക്ഷിച്ച മൃതദേഹത്തിന്റെ ഭാഗമാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇരുകാലുകൾ അടക്കമുള്ള മറ്റു ഭാഗങ്ങൾ പുഴയിൽ തള്ളിയതാവാമെന്ന നിഗമനത്തിൽ പാലങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്.
ശാസ്ത്രീയ പരിശോധനയിൽ കൊല്ലപ്പെട്ടത് 25-30 വയസിനിടയിൽ പ്രായമുള്ള ആളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പഞ്ചസാര ചാക്കിൽ പൊതിഞ്ഞായിരുന്നു മൃതദേഹം ഉപേക്ഷിച്ചിരുന്നത്. അതിനാൽ പഞ്ചസാര ചാക്കുകൾ സൂക്ഷിക്കുന്ന ബേക്കറി, ഹോട്ടലുകൾ തുടങ്ങിയ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചും ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നുണ്ട്.
സംഭവം നടന്ന സ്ഥലത്തെ 16 കിലോമീറ്റർ ചുറ്റളവിൽ സമഗ്രമായ അന്വേഷണം നടത്താനാണ് തീരുമാനിച്ചതെന്ന് ക്രൈംബ്രാഞ്ച് ഐ.ജി ജയരാജ്പറഞ്ഞു. കണ്ടെത്തിയ തലയോട്ടി ഉപയോഗിച്ച് കംപ്യൂട്ടർ സഹായത്തോടെ കൊല്ലപ്പെട്ട ആളുടെ രേഖാചിത്രം ഉടൻ തയാറാക്കുമെന്നും ശേഷം തിരിച്ചറിയൽ പരിശോധന നടത്തുമെന്നും ഡിവൈഎസ്പി ബിജിൻ കെ. സ്റ്റീഫൻ പറഞ്ഞു. ലോക്കൽ പോലിസിന്റെ അന്വേഷണത്തിൽ പുരോഗതി ഇല്ലാത്തതിനെ തുടർന്നായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്.
നിരവധി ദുരൂഹതകൾ നിറഞ്ഞ കേസിൽ ഇതരസംസ്ഥാന തൊഴിലാളിയാണ് മരിച്ചതെന്ന നിഗമനത്തിൽ അഞ്ച് മാസത്തോളം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പോയി അന്വേഷണം നടത്തിയിട്ടും പൊലിസിന് യാതൊരുവിധ തെളിവും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ആരാണ് മരിച്ചതെന്ന് വ്യക്തമാവാത്ത സാഹചര്യത്തിൽ അന്വേഷണം ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോകാൻ ലോക്കൽ പോലിസിന് കഴിയാതെ വരികയായിരുന്നു. ഏറെ ദുരൂഹതകളും ആസൂത്രണവും നിറഞ്ഞ കേസിൽ ഉടൻ തന്നെ തുമ്പുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.