തിരുവില്വാമല: നെൽകൃഷി ചെയ്യാൻ കർഷകർ മടിക്കുന്ന ഈ കാലത്ത് കൃഷിയിൽ വിജയം കൊയ്ത് കുറുമങ്ങാട്ട് പാടശേഖരം കാർഷിക കേരളത്തിനു മാതൃകയാകുന്നു. കഴിഞ്ഞ 20 വർഷമായി വിത്തുൽപ്പാദനരംഗത്ത് സജീവമാണ് ഈ പാടശേഖരം. 2000ത്തിൽ തുടങ്ങി തുടർച്ചയായി ലാഭകരമായി നെൽകൃഷി ചെയ്ത് വിത്തുൽപ്പാദിപ്പിക്കുന്ന ജില്ലയിലെ ഏകപാടശേഖരമാണ് കുറുമങ്ങാട്ട് പാടശേഖരം. കഴിഞ്ഞ പത്ത് വർഷമായി ജ്യോതി നെൽവിത്ത് ഉപയോഗിച്ചാണ് കൃഷി ചെയ്യുന്നത്.
ഹെക്ടറിനു 4 ടണ്‍ വരെ വിളവ് കിട്ടാറുണ്ടെന്ന് കർഷകർ പറഞ്ഞു. ഈ പ്രാവശ്യം മുണ്ടകൻ കൃഷിക്ക് പ്രത്യാശ എന്ന നെൽവിത്താണ് കൃഷിയിറക്കിയിരിക്കുന്നത്. 55 ഏക്കറിൽ പരന്നുകിടക്കുന്ന പാടശേഖരത്തിൽ 47 കർഷകരാണുള്ളത്. തരിശിടാതെ മുഴുവൻ സ്ഥലത്തും കൃഷി ചെയ്യുന്ന പാടശേഖരം കൂടിയാണിത്.
ഈ വർഷം നെൽവിത്ത് സൂക്ഷിക്കുന്നതിനു ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപ മുതൽ മുടക്കി ഇവിടെ വിത്തുസംഭരണകേന്ദ്രവും നിർമിച്ചിട്ടുണ്ട്. പഞ്ചായത്തിന്റെ ധനസഹായത്തോടെ വിത്ത് കാറ്റത്തിടുന്നതിനു വിന്നോവർ എന്ന ഉപകരണവും സ്വന്തമായുള്ള പാടശേഖരമാണ് കുറുമങ്ങാട്ട് പാടശേഖരം.
കൃഷിഭവന്റെ സഹായസഹകരണങ്ങളും കർഷകരുടെ കൂട്ടായ പ്രവർത്തനങ്ങളുമാണ് നെൽകൃഷി ലാഭകരമാക്കാനും തങ്ങളുടെ വിജയത്തിനും കാരണമെന്ന് പാടശേഖര സമിതി ഭാരവാഹികളായ കെ.ദിവാകരനുണ്ണി, പി.രാമകൃഷ്ണൻ എന്നിവർ പറഞ്ഞു.