കൂരാച്ചുണ്ട്: ജനവാസ മേഖലകളിൽ കാട്ടുപന്നികളുടെ വിളയാട്ടത്തിൽ പൊറുതിമുട്ടി കർഷകർ.പഞ്ചായത്തിലെ പൊറാളി, ആനപ്പാറ, പതിയിൽ, ഓഞ്ഞിൽ, പുള്ളവയൽ, കാറ്റുള്ളകാറ്റുള്ളമല,കരിയാത്തുംപാട, കക്കയം പൂവ്വത്താംകുന്ന് തുടങ്ങിയ പ്രദേശങ്ങളിലാണ് നിത്യേന കാട്ടുപന്നി, മുള്ളൻപന്നി, കുരങ്ങ്, മരപ്പട്ടി തുടങ്ങിയ വന്യജീവികൾ കൂട്ടമായിറങ്ങി വ്യാപക കൃഷിനാശം വരുത്തുന്നത്.
കഴിഞ്ഞ ഒരുമാസത്തിനിടയിൽ ഈ പ്രദേശത്തെ എക്കറുകളോളം സ്ഥലത്തെ കപ്പകൃഷി, ചേന, ചേമ്പ്, വാഴ, മറ്റ് ഇടവിളകൃഷികളാണ് തകർത്ത് നാമാവശേഷമാക്കിയത്. വൻ തുക ചെലവഴിച്ച് കൃഷി നടത്തുന്നവർക്ക് ഒരു വിളവുകളും ലഭിക്കുന്നില്ല. വനാതിർത്തിയിൽ കിലോമീറ്ററുകളോളം ദൂരത്തിലുള്ള ജനവാസ കേന്ദ്രങ്ങളിലാണ് വന്യ ജീവികളുടെ വിളയാട്ടം. എന്ത് ചെയ്യണമെന്നറിയാതെ ബുദ്ധിമുട്ടുകയാണ് കർഷകർ.
നിരവധി പരാതികൾ നൽകിയിട്ടും ഇതിനെതിരെ വനം വകുപ്പ് യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. ഓഫീസിൽ പരാതി നൽകാൻ പറഞ്ഞാലും തുഛമായ നഷ്ടപരിഹാര തുകയാണ് ലഭ്യമാകുന്നതെന്നാണ് കർഷകരുടെ പരാതി. പകൽ സമയങ്ങളിൽ പോലും കാട്ടുപന്നികൾ റോഡിലൂടെ ഇറങ്ങുകയും പലരും ഇവയുടെ ആക്രമണത്തിനിരയാകുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം കൂരാച്ചുണ്ട് പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് പൊറാളിയിലെ കർഷകൻ പുല്ലൻപ്ലാവിൽ പി.ജെ.ലൗലിച്ചന്റെ കൃഷിയിടത്തിലെ മുന്നൂറ് ചുവട് കപ്പയും, ഇരുന്നൂറ് ചുവടോളം ചേനകൃഷിയുമാണ് കാട്ടുപന്നി നശിപ്പിച്ചത്. വൻതുക മുടക്കി സംരക്ഷണവേലി നിർമിച്ച് കൃഷിചെയ്തിട്ടും കാട്ടുപന്നി അതിക്രമിച്ച് കടന്നാണ് കൃഷി തകർത്തത്.
വന്യമൃഗ ശല്യത്തിൽ നിന്നും ജീവനും കൃഷിക്കും സംരക്ഷണം ഉറപ്പാക്കാൻ വന്യജീവികളെ പിടികൂടുന്നതടക്കം വനംവകുപ്പ് കർശനവും ഉചിതവുമായ നടപടി സ്വീകരിക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.