ശ്രീലങ്കയില്‍ നിന്നെത്തിയ ഉരു ബേപ്പൂരില്‍ പിടിയില്‍ ! ഉരു എത്തിയത് തുറമുഖ അധികൃതരെ അറിയിക്കാതെ; ആയുധക്കടത്തോ മനുഷ്യക്കടത്തോ എന്ന സംശയത്തില്‍ കോസ്റ്റ് ഗാര്‍ഡ്

ശ്രീലങ്കയില്‍ നിന്നെത്തിയ ഉരു ബേപ്പൂരില്‍ പിടിയില്‍. തമിഴ്നാട്ടിലെ കാരയ്ക്കല്‍ തുറമുഖത്തുനിന്ന് ശ്രീലങ്കയിലെ കങ്കേശന്‍തുറൈ തുറമുഖത്തേക്കും തിരിച്ചും ചരക്ക് കടത്തുന്ന ഉരു ബേപ്പൂരില്‍ കോസ്റ്റ് ഗാര്‍ഡാണ് പിടികൂടിയത്. തുറമുഖ അധികൃതരെ വിവരം അറിയിക്കാതെ വ്യാഴാഴ്ചയാണ് ഉരു ബേപ്പൂര്‍ തുറമുഖത്തേക്കെത്തിയത്. തമിഴ്നാട് എംഎസ്വി ശൈലേശ്വര്‍ എന്ന ഉരുവാണ് അധികൃതര്‍ തടഞ്ഞുവെച്ചത്. തമിഴ്‌നാട്ടിലെ കടലൂര്‍ സ്വദേശികളായ അഞ്ചുപേരാണ് ഉരുവിലുണ്ടായിരുന്നത്. കാലാവസ്ഥ മോശമായതിനാലും വയര്‍ലസ് സന്ദേശങ്ങള്‍ ലഭിക്കാത്തതിനാലുമാണ് ഉരു ബേപ്പൂരിലേക്ക് അടുപ്പിക്കേണ്ടിവന്നതെന്നാണ് സ്രാങ്ക് നല്‍കിയ വിശദീകരണം.

എന്നാല്‍ ഈ വിശദീകരണത്തില്‍ സുരക്ഷാ അധികൃതര്‍ തൃപ്തരല്ല.മനുഷ്യക്കടത്തോ ആയുധക്കടത്തോ ആകാമെന്ന സംശയത്തില്‍ തീരരക്ഷാസേന തടഞ്ഞുവെച്ച ഉരുവില്‍. ഇന്റലിജന്റ്സ് ബ്യൂറോ, കോസ്റ്റല്‍ പോലീസ്, സ്പെഷ്യല്‍ ബ്രാഞ്ച് എന്നീ സുരക്ഷാ ഏജന്‍സികള്‍ കഴിഞ്ഞ രണ്ടു ദിവസമായി പരിശോധന നടത്തി വരികയാണ്. കസ്റ്റംസ് ക്ലിയറന്‍സ്, എമിഗ്രേഷന്‍ ക്ലിയറന്‍സ് എന്നിവയില്ലാതെയാണ് ഉരു കങ്കേശന്‍തുറൈ തുറമുഖത്തുനിന്ന് നേരെ ബേപ്പൂരിലേക്ക് എത്തിയത്.

തുറമുഖ പാസ് ഇല്ലാത്തതിനാല്‍ ഉരു വിടേണ്ടതില്ലെന്നാണ് തുറമുഖവകുപ്പ് അധികൃതരുടെ തീരുമാനം. കൂടുതല്‍ സുരക്ഷാ പരിശോധനകള്‍ക്കായി ജിപിഎസ് മുഖേന ഉരു വന്ന വഴികള്‍ നേവിയും കോസ്റ്റ് ഗാര്‍ഡും പരിശോധിക്കുന്നുണ്ട്. ഇതിന്റെ വിശദാംശങ്ങള്‍ ലഭിച്ച ശേഷമേ ഉരുവിന്റെ കാര്യത്തില്‍ തുടര്‍ നടപടി സ്വീകരിക്കുകയുള്ളൂ.

Related posts