പാലക്കാട്: റെയിൽവേ ജംഗ്ഷന് മുൻവശത്തുള്ള വൻമരം യാതൊരു പരിശോധന കൂടാതെയും ഉദ്യോഗസ്ഥ സാന്നിധ്യമില്ലാതെയും മുറിച്ചു മാറ്റിയതുമൂലം നൂറിലധികം പക്ഷികുഞ്ഞുങ്ങൾ ചത്തു. ഇതുമൂലം നൂറുകണക്കിന് മുട്ടകളാണ് നിലത്തുവീണു നശിച്ചത്.ദേശാടനപക്ഷികളായ ഡാർട്ട് പക്ഷികളുടെ കുഞ്ഞുങ്ങളാണ് മരിച്ചത്. പക്ഷികളുടെ പ്രജനനകാലത്ത് മരംമുറിക്കരുതെന്നാണ് നിയമം.
മരംമുറിക്കുന്നതിനുമുന്പ് ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തി മരവുമായി ബന്ധപ്പെട്ട് ജീവിക്കുന്ന പക്ഷികളുൾപ്പടെയുള്ള ജീവികളുടെ പുനരധിവാസം ഉറപ്പു വരുത്തിയതിനുശേഷം മാത്രമെ മരംമുറിക്കാവൂവെന്നാണ് വ്യവസ്ഥ.
മരം മൂന്നുദിവസം മുന്പ് മുറിച്ചുമാറ്റിയെങ്കിലും നിലത്ത് വീണ് മരണത്തോട് മല്ലടിക്കുന്ന പക്ഷി കുഞ്ഞുങ്ങളുടെ പുനരധിവാസം ഉറപ്പാക്കാൻ ആർപിഎഫിന്റെ മുറ്റത്തായിരുന്നിട്ടുപോലും നടപടിയുണ്ടായില്ലെന്നതും വീഴ്ചയാണ്. പത്തോളം പക്ഷികളെ രക്ഷിക്കാനായി.
പക്ഷികളുടെ മരണത്തിനും വംശവർധനവിനും വിഘാതമായി പ്രവർത്തിച്ചവർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തി നിമയത്തിനു മുന്നിൽ കൊണ്ടുവരാനുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.