ശ്രീകണ്ഠപുരം: സ്കൂൾ വിദ്യാർഥികൾ ഓടിച്ച സ്കൂട്ടറിടിച്ച് വിദ്യാർഥിക്ക് പരിക്കേറ്റു. സംഭവത്തെത്തുടർന്ന് നാടുവിട്ട നാലു വിദ്യാർഥികളെ കോഴിക്കോട് കണ്ടെത്തി. ഇന്നലെ വൈകുന്നേരം ചുഴലിയിലായിരുന്നു സംഭവം. സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ വ്യാപാരിയുടെ സ്കൂട്ടർ വിദ്യാർഥികൾ ഓടിക്കാൻ വാങ്ങുകയായിരുന്നു.
മൂന്ന് വിദ്യാർഥികളാണ് സ്കൂട്ടറിലുണ്ടായിരുന്നത്. നിയന്ത്രണം വിട്ട സ്കൂട്ടർ റോഡരികിലൂടെ നടന്നു പോവുകയായിരുന്ന സ്റ്റുഡന്റ് പോലീസ് കാഡറ്റിനെ ഇടിക്കുകയായിരുന്നു. പ്രായപൂർത്തിയാകാതിരുന്ന വിദ്യാർഥികൾ കേസ് ഭയന്ന് വീട്ടിലെത്തി വസ്ത്രം മാറിയ ശേഷം കളിക്കാൻ പോകുന്നുവെന്ന് പറഞ്ഞ് കോഴിക്കോടേക്ക് പോവുകയായിരുന്നു. മൂവർ സംഘം പോകുന്നതറിഞ്ഞ് സുഹൃത്തായ വിദ്യാർഥിയും ഒപ്പം കൂടി.
രാത്രി വിദ്യാർഥികൾ വീട്ടിലെത്താത്തതിനെത്തുടർന്ന് രക്ഷിതാക്കൾ ശ്രീകണ്ഠപുരം പോലീസിൽ പരാതി നൽകി. ഇതിനിടെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയ വിദ്യാർഥികളിലൊരാൾ ഇതര സംസ്ഥാനത്തൊഴിലാളിയുടെ ഫോണിൽ നിന്ന് വീട്ടിലേക്ക് വിളിച്ചിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ കോഴിക്കോട് കസബ പോലീസ് സ്റ്റേഷൻ പരിധിയിലെ ലോഡ്ജിൽ വെച്ച് വിദ്യാർഥികളെ കണ്ടെത്തുകയായിരുന്നു. ശ്രീകണ്ഠപുരം പോലീസ് കസ്റ്റഡിയിലെടുത്ത വിദ്യാർഥികളെ ഇന്ന് പുലർച്ചെയോടെ രക്ഷിതാക്കളോടൊപ്പം വിട്ടു.