പയ്യന്നൂര്‍: കിട്ടാനുള്ള പണം തിരിച്ച് ചോദിച്ചതിന് വീട്ടമ്മയ്ക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ അപവാദ പ്രചരണങ്ങള്‍ നടത്തുകയും ഭര്‍ത്താവിനേയും മകനേയും ആക്രമിക്കുകയും വീട്ടമ്മയെ മാനഹാനിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ കോടതിയുടെ നടപടി. തൃക്കരിപ്പൂരിലെ ഒരു സഹകരണ ബാങ്ക് ഭരണസമിതിയംഗവും സിപിഎം അംഗവുമായ വീട്ടമ്മയാണ് ഒടുവില്‍ കോടതിയില്‍ നീതി തേടിയെത്തിയത്.
സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അംഗവും ഹയര്‍ ഗുഡ്സ് ഓണേഴ്സ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ടി.വി.ബാലന് എന്ന ശോഭ ബാലനടക്കം അഞ്ച് പേര്‍ക്കെതിരെ വീട്ടമ്മ നല്കിയ ഹര്‍ജിയാണ് ഹോസ്ദുര്‍ഗ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഫയലില്‍ സ്വീകരിച്ച് നടപടിയെടുത്തത്.
കുടുംബ സുഹൃത്തായിരുന്ന ബാലന് കടംവാങ്ങിയ 50,000 രൂപയും ചിട്ടി വിളിച്ചെടുത്തതും മറ്റുമായ 92,000 രൂപയും പരാതിക്കാരി തിരികെ ചോദിച്ചിരുന്നുവെന്നും ഈ വിരോധത്തില്‍ ഭര്‍ത്താവിന്റെ ബന്ധുവായ യുവതിയെപ്പറ്റി ബാലന് അപവാദങ്ങള്‍ പ്രചരിപ്പിച്ചുവെന്നും ഇത് കുടുംബത്തിന് മാനക്കേടുണ്ടാക്കിയെന്നും വീട്ടമ്മ കോടതിയെ ബോധിപ്പിച്ചിരുന്നു.
ചന്തേര പോലീസിലും കാസര്‍ഗോഡ് ജില്ലാ പോലീസ് മേധാവിക്കും വനിതാ സെല്ലിനും പരാതി നല്‍കിയിട്ടും ബാലന് പോലീസിനെ സ്വാധീനിച്ചതിനാല്‍ നടപടിയുണ്ടായില്ലെന്നും പരാതിയിലുണ്ട്.പരാതിക്കാരിയുടെ മകന്റെ കയ്യില്‍ അപവാദ പ്രചരണങ്ങളുടെ ശബ്ദരേഖയുണ്ടെന്ന് മനസിലാക്കിയ ബാലന് വീട്ടില്‍ അതിക്രമിച്ച് കയറി മകന്റെ ഫോണ്‍ വിടിച്ച് വാങ്ങാന്‍ ശ്രമിച്ചു.
മകനേയും ഭര്‍ത്താവിനേയും ഇരുമ്പ് വടികൊണ്ട് മര്‍ദ്ദിക്കുകയും തടയാനെത്തിയ തന്നെ കയറിപ്പിടിച്ച് മാനഹാനി വരുത്തി. ഈ സംഭവത്തില്‍ ചന്തേര പോലീസ് ബാലനെതിരെ കേസെടുത്തിരുന്നതായും കോടതിയില്‍ നല്കിയ ഹര്‍ജിയിലുണ്ട്. ബാലനെതിരെയുള്ള തെളിവുകളുള്‍പ്പെടെ അഡ്വ.ടി.വി.വിനീഷ് മുഖേന നല്കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി പരാതിക്കാരിയില്‍നിന്നും തെളിവെടുപ്പ് നടത്തും.