രാജകുമാരി: കൊച്ചി – ധനുഷ്കോടി ദേശീയപാതയിലെ ബോഡിമെട്ട് ചുരം പാതയിൽ പട്ടാപ്പകൽപോലും കറങ്ങിനടക്കുന്ന കൂറ്റൻ കാട്ടുപോത്ത് യാത്രക്കാരിൽ ഭയവും കൗതുകവും സൃഷ്ടിക്കുന്നു. തമിഴ്നാടിന്റെ വനമേഖലയിൽപെടുന്ന ഈ ഭാഗത്ത് മാസങ്ങളായി രണ്ടു കാട്ടുപോത്തുകൾ റോഡിൽ ഇറങ്ങാറുണ്ടെന്ന് ഈ റൂട്ടിൽ പതിവായി സഞ്ചരിക്കാറുള്ളവർ പറയുന്നു. രണ്ടും വാർധക്യത്തിന്റെ അവശതകൾ പേറുന്നവയാണത്രേ. അതുകൊണ്ടുതന്നെ ആരേയും ഇതുവരെ ഉപദ്രവിച്ചിട്ടില്ല.
പുലിക്കുത്തിനു രണ്ടുകിലോമീറ്റർ താഴെമുതൽ ഇവയെ കാണാം. ഹൈവേയുടെ ഓരംചേർന്ന് അലസഗമനം നടത്തുന്ന ’പാവം’ കാട്ടുപോത്തുകൾ മുൻപരിചയം ഇല്ലാത്തവരിൽ ഭയമാണ് ജനിപ്പിക്കാറുള്ളത്. അറിയാവുന്നവർക്ക് ഹരവും.
ഏതാനുംവർഷം മുൻപുവരെ ഈ ഭാഗങ്ങളിൽ പുലിയുടെ സാന്നിധ്യവും ഉണ്ടായിരുന്നു. പുലികൾ വെള്ളം കുടിക്കാൻ എത്തിയിരുന്ന വെള്ളച്ചാട്ടം തമിഴിൽ “പുലിയൂത്ത്’ എന്ന് അറിയപ്പെടാൻ തുടങ്ങി. മലയാളത്തിൽ ഇത് “പുലിക്കുത്ത്’ ആയി മാറുകയും ചെയ്തു. ഗതാഗതത്തിരക്ക് വർധിച്ചതുകൊണ്ടായിരിക്കാം സമീപകാലത്തൊന്നും ഇവിടങ്ങളിൽ പുലികളെ കണ്ടവരില്ല.