എരുമേലി: റോഡിൽ നഷ്ടപ്പെട്ട 40000 രൂപ ഉടമയ്ക്ക് തിരികെ കിട്ടിയത് പോലീസിന്റെ കാമറയുടെ സഹായം മൂലം. ഇന്നലെ രാവിലെ പത്തിന് എരുമേലി പേട്ടക്കവലയിലാണ് സംഭവം. മറ്റന്നൂർക്കര പൂവത്തിനാൽ നൗഷാദിന്റെ പണമാണ് പേട്ടക്കവലയിൽ ബസിൽ കയറുന്നതിനിടെ നഷ്ടപ്പെട്ടത്.
വീടു പണിക്കു വേണ്ടി ടൈൽസ് വാങ്ങാൻ പണം മടിയിൽ പൊതിഞ്ഞുവെച്ച് മണിമലയിലേക്ക് പോകാൻ ബസിൽ കയറുന്നതിനിടെ പണം നഷ്ടപ്പെട്ടത് നൗഷാദ് അറിഞ്ഞില്ല. അല്പദൂരം ചെന്നപ്പോഴാണ് വിവരം അറിയുന്നത്. ഉടനെ ബസിൽ നിന്നിറങ്ങി എരുമേലി ടൗണിലെത്തി പല സ്ഥലങ്ങളിലും തെരഞ്ഞു. ബസിൽ കയറുന്നതിനു മുമ്പ് പണവുമായി സഞ്ചരിച്ച സ്ഥലങ്ങളിലെല്ലാം തെരച്ചിൽ നടത്തിയിട്ടും ഫലമുണ്ടായില്ല. എരുമേലി പോലീസ് സ്റ്റേഷനിൽ ചെന്ന് വിവരം പറഞ്ഞപ്പോൾ പോലീസ് കാമറ പരിശോധിക്കുകയായിരുന്നു.
പേട്ടക്കവലയിൽ ബസ് സ്റ്റോപ്പിലുള്ള കാമറയിൽ നൗഷാദിന്റെ മടിയിൽ നിന്നും പണം താഴെ വീഴുന്ന ദൃശ്യങ്ങൾ ഉണ്ടായിരുന്നു. താഴെ വീണ പണം ഏതോ ഒരാൾ കാണുകയും അടുത്തുള്ള കടയിലെ വ്യാപാരിയെ ചൂണ്ടിക്കാണിക്കുന്നതും വ്യാപാരി ആ പണം എടുത്ത് കടയിൽ ഭദ്രമായി വയ്ക്കുന്നതും ദൃശ്യങ്ങളിൽ ഉണ്ടായിരുന്നു.
പേട്ടക്കവലയിൽ ലോട്ടറി വിൽപ്പന സ്റ്റാൾ നടത്തുന്ന നേർച്ചപ്പാറ ചെമ്പാലപറമ്പിൽ മൈതീൻ മീരാൻ (85) ആണ് പണം എടുത്ത് കടയിൽ മകൻ കബീറിനെ ഏൽപ്പിച്ചത്. കാമറയിൽ ദൃശ്യങ്ങൾ കണ്ട് എത്തിയ നൗഷാദിന് എരുമേലി എസ്ഐ വിനോദ് കുമാർ മുഖേന പണം കൈമാറി.
56 കാമറകളാണ് മുഴുവൻ സമയ നിരീക്ഷണമായി എരുമേലി പോലീസ് സ്ഥാപിച്ചിട്ടുള്ളത്. ജില്ലയിൽ വിപുലമായ കാമറ നിരീക്ഷണമുള്ള പോലീസ് സ്റ്റേഷൻ കൂടിയാണ് എരുമേലി.