കൊച്ചി/മരട്: തീരദേശനിയമം ലംഘിച്ചു നിർമിച്ച മരടിലെ ഫ്ളാറ്റുകൾ സുപ്രീംകോടതി വിധിയെത്തുടർന്നു പൊളിച്ചുനീക്കുന്നതിനുള്ള അന്തിമ രൂപരേഖ തയാറാക്കുന്ന നടപടികൾ അവസാനഘട്ടത്തിൽ. പൊളിക്കൽ കരാർ ഏറ്റെടുക്കാൻ രംഗത്തുവന്ന ആറു കന്പനികളുടെ പ്രതിനിധികളുമായി മരടിലെ സ്പെഷൽ സെക്രട്ടറി കൂടിയായ സബ് കളക്ടർ സ്നേഹിൽ കുമാർ സിംഗിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ ഇന്നലെ വീണ്ടും കൂടിക്കാഴ്ച നടത്തി.
പട്ടികയിലുള്ളതിൽനിന്നും ഒന്നോ, രണ്ടോ കന്പനികൾക്കു മാത്രമായി കരാർ നൽകാനാണ് പുതിയ തീരുമാനമെന്നു കൂടിക്കാഴ്ചക്കുശേഷം സ്നേഹിൽ കുമാർ പറഞ്ഞു. പൊളിച്ചുമാറ്റൽ നടപടികൾക്കു മേൽനോട്ടം വഹിക്കാൻ പുതുതായി 11 അംഗ ടെക്നിക്കൽ ഇവാല്യുവേഷൻ കമ്മിറ്റിക്കു രൂപം നൽകും. കരാർ ഏറ്റെടുക്കുന്ന കന്പനികളുമായി കമ്മിറ്റി വിശദമായ ചർച്ചകൾ നടത്തും.
കൊച്ചി മെട്രോ, പൊതുമരാമത്തു വകുപ്പ്, മുനിസിപ്പൽ എൻജിനീയർ, പിസിബി, പെസോ, സ്ട്രചറൽ എൻജിനീയർ തുടങ്ങിയവരെ ഉൾപ്പെടുത്തിയാണ് പുതിയ ടെക്നിക്കൽ കമ്മിറ്റി രൂപീകരിക്കുക. നിയന്ത്രിത സ്ഫോടനങ്ങളിലൂടെ 13 മുതൽ 19 വരെ നിലകളുള്ള കെട്ടിടങ്ങൾ തകർക്കാൻ അഞ്ചു സെക്കൻഡ് സമയം മാത്രം എടുക്കുന്ന രീതിയിലായിരിക്കും പൊളിക്കൽ. അഞ്ചു കെട്ടിടങ്ങളും ഒരേസമയം തകർക്കില്ല. ഇതിനുള്ള സമയക്രമം മുൻകൂട്ടി നിശ്ചയിക്കും.
പൊളിക്കൽ സമയത്ത് 200 മീറ്റർ പരിധിയിലുള്ള പരിസരവാസികളെ പരമാവധി നാല് മണിക്കൂർ നേരത്തേക്കു മാത്രമാണ് ഒഴിപ്പിക്കേണ്ടി വരികയെന്നാണ് കന്പനി പ്രതിനിധികൾ അധികൃതരെ അറിയിച്ചിട്ടുള്ളത്. കെട്ടിടങ്ങൾ തകർന്ന ശേഷമുണ്ടാവുന്ന പൊടിപടലങ്ങൾ പരമാവധി അൻപതു മീറ്റർ പരിധിയിലുള്ള പ്രദേശത്തു മാത്രമായിരിക്കും വ്യാപിക്കുക. 10 കോടി വരെ ഇൻഷ്വറൻസ് പരിരക്ഷ കന്പനികൾ ഉറപ്പാക്കും.
നടപടിക്രമങ്ങൾ പൂർത്തിയാക്കി ഈ മാസം ഒന്പതിനുതന്നെ കന്പനികളുമായി കരാർ ഒപ്പുവയ്ക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്നു സ്നേഹിൽകുമാർ പറഞ്ഞു. പൊളിക്കലുമായി ബന്ധപ്പെട്ട് വിശദമായ ഒരു പദ്ധതി റിപ്പോർട്ടും കന്പനികളിൽനിന്ന് ആവശ്യപ്പെടും.
പൊളിച്ച കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ നീക്കുന്നത് ഉൾപ്പടെയുള്ള ജോലികൾ ജനുവരി 11ന് പൂർത്തിയാകും വിധമായിരിക്കും അന്തിമ രൂപരേഖയിലെ സമയക്രമം നിശ്ചയിക്കുകയെന്നും അധികൃതർ വ്യക്തമാക്കി.