സ്വന്തം ലേഖകന്‍
കോഴിക്കോട്: സിനിമാക്കഥയെ വെല്ലുന്ന സംഭവത്തിന് ഒടുവില്‍ വലിയ വഴിത്തിരിവ്. ഒരു കുടുംബത്തിലെ ആറുപേരെ ഇല്ലാതാക്കിയ പെണ്‍ബുദ്ധി ഇനി പോലീസിന് മുന്നില്‍ വ്യക്തമാക്കപ്പെടും. പോലീസ് നടത്തിയ പഴുതടച്ചുള്ള അന്വേഷണത്തിലാണ് മുഖ്യ ആസൂത്രകയും അവരെ സഹായിച്ച പ്രധാനികളും നാടിനെ നടുക്കിയ സംഭവത്തില്‍ പോലീസ് കസ്റ്റഡിയിലായത്.
കുടുംബത്തിലെ ഓരോരുത്തരെയായി കൊലപ്പെടുത്തി സ്വത്ത് തട്ടിയെടുത്ത ശേഷം, ഭര്‍ത്താവിന്റെ അച്ഛന്റെ സഹോദരപുത്രനും അധ്യാപകനുമായ ഷാജു സ്കറിയയ്ക്കൊപ്പം ജീവിക്കാനാണ് ഇടുക്കി കട്ടപ്പന സ്വദേശിയായ ജോളി ആഗ്രഹിച്ചത്.
ഭര്‍ത്താവ് റോയ് തോമസ്, റോയിയുടെ മാതാപിതാക്കളായ കൂടത്തായ് പൊന്നാമറ്റം ടോം തോമസ് , ഭാര്യ അന്നമ്മ, അന്നമ്മയുടെ സഹോദരന് മാത്യു മഞ്ചാടിയില്‍, ടോം തോമസിന്റെ സഹോദരന് സക്കറിയ മാസ്റ്ററുടെ പുത്രനും ജോളിയുടെ ഇപ്പോഴത്തെ ഭര്‍ത്താവുമായ ഷാജു സക്കറിയയുടെ ഭാര്യ സിലി, ഇവരുടെ പിഞ്ചുമകൾ ആല്ഫൈന് എന്നീ ആറുപേരാണ് വര്‍ഷങ്ങളുടെ ആസൂത്രണത്തിന്റെ ഫലമായി കൊല്ലപ്പെട്ടത്.
എന്നാല്‍ നീണ്ട 17 വര്‍ഷവും മായാതെകിടന്ന തെളിവുകളും രണ്ടാവട്ടവും ചോദ്യം ചെയ്തപ്പോള്‍ പോലീസിന് ലഭിച്ച മൊഴികളും വലിയ വഴിത്തിരിവായി. ആദ്യകാലങ്ങളില്‍ കാത്തുസൂക്ഷിച്ച കൂര്‍മ ബുദ്ധി വര്‍ഷങ്ങള്‍ക്കിപ്പുറം ജോളിക്ക് കൈമോശം വന്നു. ഒപ്പം കുട്ടുനിന്നവരുടെ മൊഴികളും കുരുക്കായി.
കഴിഞ്ഞ മാസമാണു കൊല്ലപ്പെട്ട റോയിയുടെ സഹോദരനായ റോജോ അമേരിക്കയിൽനിന്നു നാട്ടിലെത്തിയത്. താമരശ്ശേരി പൊലീസില്‍നിന്ന് വിവരാവകാശ രേഖയെടുത്ത് റോജോ ഈ മരണങ്ങളുടെയെല്ലാം വിശദാംശങ്ങളെടുത്തു. അതിനുശേഷം റൂറല്‍ എസ്പിക്ക് പരാതി നല്കിയ ശേഷമാണ് ഈ കേസിന് ജീവന് വച്ചത്.
ആദ്യം ഇങ്ങനെ കൂട്ടത്തോടെ ഒരു കുടുംബത്തിലെ ആറ് പേര് മരിച്ചതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന സംശയങ്ങളെല്ലാം വെറും സ്വത്ത് തര്‍ക്കമാണെന്നാണ് പൊലീസ് കരുതിയിരുന്നത്. എല്ലാ മരണങ്ങളും പൊലീസ് ചേര്‍ത്ത് വച്ച് പരിശോധിച്ചിരുന്നില്ല. മാത്രമല്ല, കൃത്യമായ രീതിയില്‍ അന്വേഷണ ഉദ്യോഗസ്ഥരെ നിയോഗിക്കുകയും ചെയ്തിരുന്നില്ല.
എന്നാല്‍ പിന്നീട് കഥമാറി.
ഈ സമയത്താണ് ദുരൂഹത ആരോപിച്ച് മരിച്ച ദമ്പതികളുടെ ഇളയ മകന് റൂറല്‍ എസ്പിക്കു പരാതി നല്‍കുന്നത്. മറ്റ് അഞ്ച് മരണങ്ങളും ആ കുടുംബത്തില്‍തന്നെ ഉണ്ടായിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ ആദ്യം രഹസ്യമായി അന്വേഷിക്കുകയും പരാതിയില്‍ കഴമ്പുണ്ടെന്നു കണ്ട് തുടരന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കുകയുമായിരുന്നു.