കോഴിക്കോട്: പൊട്ടാസ്യം സയനൈഡ് ഉള്ളിൽ ചെന്നാലുള്ള മരണം സാവധാനമോ വേദനയില്ലാത്തതോ അല്ല. നെഞ്ചുപിളർക്കുന്ന വലിയ വേദനയോടുകൂടിയാവും മരണം. വായിൽനിന്നു നുരയും പതയും വരും. വിഷം രക്തത്തിൽ പ്രവേശിച്ചാൽ മിനിറ്റുകൾക്കുള്ളിൽ മരണം സംഭവിക്കും.
കെസിഎൻ(KCN)എന്ന് രാസസൂത്രമുള്ള സംയുക്തമാണ് പൊട്ടാസ്യം സയനൈഡ് . പഞ്ചസാരയോടു സാമ്യമുള്ള, ജലത്തിൽ വളരെ നന്നായി ലയിക്കുന്ന, നിറമില്ലാത്ത, ക്രിസ്റ്റൽരൂപത്തിലുള്ള ലവണമാണ് ഇത്. സ്വർണഖനനത്തിലും ആഭരണമേഖലയിലും ഇലക്ട്രോപ്ലേറ്റിംഗിലും ഉപയോഗിച്ചുവരുന്നു. കയ്പ്പുള്ള ബദാമിന്റെ മണമാണ് .ചിലർക്ക് ഈ മണം മനസ്സിലാക്കാൻ ആവില്ല.
ഹൈഡ്രജൻ സയനൈഡ് പൊട്ടാസ്യം ഹൈഡ്രോക്സൈഡിന്റെ ലായനിയുമായി പ്രവർത്തിപ്പിച്ചശേഷം ശൂന്യതയിൽ ആ ലായനി ബാഷ്പീകരിച്ചാണ് പൊട്ടാസ്യം സയനൈഡ് ഉണ്ടാക്കുന്നത്.ഇത് ഉള്ളിൽ ചെന്നാൽ, വ്യക്തിക്ക് ബോധം നഷ്ടപ്പെടുകയും മസ്തിഷ്കമരണം സംഭവിക്കുകയും ചെയ്യും.
വിഷബാധയേൽക്കുന്നയാൾക്ക് പേശികൾ കോച്ചിവലിക്കുന്ന വേദന സഹിക്കേണ്ടിവരുന്നു. സെറിബ്രൽ ഹൈപോക്സിയ മൂലമാണ് മരണം സംഭവിക്കുന്നത്. സയനൈഡ് ശരീര കോശങ്ങൾക്ക് രക്തത്തിലെ ഓക്സിജൻ ഉപയോഗിക്കാൻ സാധിക്കാത്ത അവസ്ഥയുണ്ടാക്കുന്നു.
പൊട്ടാസ്യം സയനൈഡ് വയറ്റിലെ ഹൈഡ്രോക്ലോറിക് ആസിഡുമായി ചേർന്ന് ഹൈഡ്രോ സയനിക് ആസിഡ് ആകും. ഇതു കുടലിൽനിന്നു കരളിലും പിന്നീടു ഹൃദയത്തിലും എത്തും. പ്ലീഹയിലും തലച്ചോറിലുമാണ് സയനൈഡിന്റെ അവശേഷങ്ങൾ ഉണ്ടാകുക. ഈ ഭാഗങ്ങൾ മണ്ണിൽ എളുപ്പം ദ്രവിച്ചുപോകുന്നവയാണ്.
ശരാശരി ഭാരമുള്ള ഒരാളുടെ കൊല്ലാൻ 60 മുതൽ 75 വരെ മില്ലിഗ്രാം സയനൈഡ് മതിയാവും. കയ്പുള്ളതിനാൽ, മസാല ചേരാത്ത ഭക്ഷണപദാർഥങ്ങളിൽ ചേർത്താൽ ഇതു കഴിക്കാൻ പ്രയാസമാണ്.
നിഷ്ഠുര കൊലപാതകങ്ങളുടെ നാൾവഴി
1. 2002 സെപ്റ്റംബര്‍ 22: ടോം തോമസിന്റെ ഭാര്യ റിട്ട. അധ്യാപിക അന്നമ്മ (57)മരിച്ചു. ആട്ടിന്‍സൂപ്പ് കഴിച്ച ശേഷം അസ്വസ്ഥത ഉണ്ടായി മരിക്കുകയായിരുന്നു. കുഴഞ്ഞുവീണ് മരിച്ചതിനാല്‍ ആര്‍ക്കും സംശയം തോന്നിയില്ല.
2. 2008 സെപ്റ്റംബര്‍ 26: ടോം തോമസ്(66) സമാനരീതിയില്‍ മരിച്ചു. ഭക്ഷണം കഴിച്ചയുടൻ ഛര്‍ദിയെത്തുടര്‍ന്നായിരുന്നു മരണം. ഹൃദ്രോഗമാണെന്ന് നാട്ടുകാർ കരുതി.
3. 2011 ഒക്ടോബര്‍ 30: ടോം തോമസിന്റെ മൂത്തമകന് റോയി തോമസ്(40)മരിച്ചു. മരണം ഹൃദയാഘാതം മൂലമാണെന്ന് വീട്ടിലുള്ളവര്‍ പറഞ്ഞെങ്കിലും സ്വകാര്യ ആശുപത്രിക്കാർ സംശയമുന്നയിച്ചതിനെത്തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം നടത്തി. സയനൈഡ് ഉള്ളില്‍ ചെന്നതാണ് മരണകാരണമെന്ന് കണ്ടെത്തി. ഇതില്‍ കോടഞ്ചേരി പോലീസ് കേസെടുത്തെങ്കിലും കൂടുതല്‍ അന്വേഷണം ഉണ്ടായില്ല. തുടരന്വേഷണം ജോളിയുടെ നേതൃത്വത്തിൽ ഒതുക്കി.
4. 2014 ഏപ്രില്‍ 24: അന്നമ്മയുടെ സഹോദരനും വിമുക്ത ഭടനും ജോളിയുടെ അയല്‍വാസിയുമായ മഞ്ചാടിയിൽ മാത്യു (67) മരിച്ചു. മറ്റുള്ളവരെ പോലെതന്നെ അസുഖങ്ങളൊന്നും ഇല്ലാതിരിക്കെ ഭക്ഷണം കഴിച്ചയുടൻ കുഴഞ്ഞുവീഴുകയായിരുന്നു. ജോളിയാണ് അയൽവാസികളെ വിവരമറിയിച്ചത്. വായിൽനിന്ന് നുരയും പതയും വന്നത് സയനൈഡിന്റെ ഇഫക്ട്. റോയിയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച മാത്യു, ഒരു കാരണവശാലും ടോം തോമസിന്റെ വീട് ജോളിക്കു നൽകരുതെന്ന് ബന്ധുക്കളോടു പറഞ്ഞിരുന്നു.ഇതിനുശേഷമാണ് മരണം.
5. 2014 മേയ് മൂന്ന്: ടോം തോമസിന്റെ സഹോദരന്റെ മകന് ഷാജുവിന്റെ ഒരു വയസ്സ് പ്രായമായ മകള്‍ അല്‍ഫൈനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബന്ധുവിന്റെ ആദ്യകുർബാന ദിവസം രാവിലെ ഭക്ഷണം കഴിച്ചയുടൻ ഛർദിച്ചു . ഭക്ഷണം ശ്വാസനാളത്തിൽ കുടുങ്ങിയതാവാമെന്ന് അടുത്തുണ്ടായിരുന്ന ജോളി പ്രചരിപ്പിച്ചു. കുട്ടി രണ്ടുദിവസം കഴിഞ്ഞപ്പോള്‍ മരിച്ചു. ഷാജുവിനെ പിന്നീട് സ്വന്തമാക്കുന്പോൾ കൈക്കുഞ്ഞ് തടസമാകരുതെന്ന് ആദ്യമേ നിശ്ചയിച്ചെന്ന് ക്രൈംബ്രാഞ്ച് അനുമാനം.
6. 2016 ജനുവരി 11: ഷാജുവിന്റെ ഭാര്യ സിലി (43)മരിച്ചു. ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുത്തപ്പോൾ ജോളിയുടെ അടുത്തിരുന്നാണ് ഭക്ഷണം കഴിച്ചത്. പിന്നീട് ഷാജുവിനെ ദന്തിസ്റ്റിനെ കാണിക്കാനായി കാറിൽ പോയപ്പോൾ ജോളിയും ഒപ്പംകൂടി. ക്ളിനിക്കിന്റെ വരാന്തയിലിരിക്കവെ സിലി ജോളിയുടെ മടിയിലേക്ക് കുഴഞ്ഞുവീണു. വായിൽനിന്ന് നുരയും പതയും വന്നു.ആശുപത്രിയിൽ എത്തിക്കുംമുൻപ് മരിച്ചു. ഒരു വർഷത്തിനുശേഷം 2017 ഫെബ്രുവരി ആറിന് ജോളിയും ഷാജുവും തമ്മിലുള്ള വിവാഹം നടന്നു.
7. കൊലപാതക പരന്പരയിൽ റോയിയുടെ സഹോദരി രഞ്ജി തോമസും, അമേരിക്കയിലുള്ള സഹോദരൻ റോജോയും ഉൾപ്പെടേണ്ടതായിരുന്നു. ഇരുവർക്കും സംശയം തോന്നിയിരുന്നതിനാൽ ജോളിയുമായി അകലം പാലിച്ചു. ജോളി നൽകിയ ഭക്ഷണം ഇരുവരും കഴിച്ചില്ല.