കോഴിക്കോട്: കൂടത്തായിയിൽ ഭക്ഷണത്തിൽ സയനൈഡ് കലർത്തി ആറുപേരെ കൊലപ്പെടുത്തിയെന്ന കേസിലെ പ്രതി ജോളിയാമ്മ ജോസഫ് എന്ന ജോളി ഇടുക്കി ജില്ലയിലെ സാന്പത്തികമായി ഉയർന്ന കുടുംബാംഗം. ഇടുക്കിക്കും കട്ടപ്പനയ്ക്കുമിടയിലെ വാഴവര അങ്ങാടിക്കടുത്ത് ചോറ്റയിൽ ജോസഫിന്റെ ആറുമക്കളിൽ അഞ്ചാമത്തെയാളാണ് ജോളി.
വൻതോതിൽ ഏലകൃഷിയും ബിസിനസുകളുമുള്ള ജോസഫ് നല്ല തുക ഷെയറായി നൽകിയാണ് ജോളിയെ കൂടത്തായി പൊന്നാമറ്റത്തിൽ കുടുംബത്തിലെ മരുമകളായി അയച്ചത്. നെടുങ്കണ്ടം എംഇഎസ് കോളജിലായിരുന്നു പഠനം. ദുരൂഹ സാഹചര്യത്തിൽ മരിച്ച കൂടത്തായിയിലെ മഞ്ചാടിയിൽ മാത്യു എന്ന വിമുക്തഭടന്റെ ഭാര്യയുടെ ബന്ധുകൂടിയാണ് ജോളി.
കൂടത്തായിയിലെ മാത്യുവിന്റെ വീട് സന്ദർശിക്കാനെത്തിയപ്പോൾ നേരിട്ടുകാണുകയും തൊട്ടടുത്ത പൊന്നാമറ്റം വീട്ടുകാർ വിവാഹം ആലോചിക്കുകയുമായിരുന്നു. നാലു വർഷം മുമ്പ് ജോളിയുടെ പിതാവ് ജോസഫ് വാഴവരയിലെ വീടും സ്ഥലവും വിറ്റ് കട്ടപ്പന വലിയകണ്ടത്തിലേക്ക് താമസം മാറ്റി.
പൊന്നാമറ്റം സക്കറിയയുടെ മകനും മുക്കം ആനയാംകുന്ന് സ്കൂളിൽ അധ്യാപകനുമായ ഷാജു സ്കറിയയുമായി ജോളിയുടെ പുനർവിവാഹം നടത്തിയപ്പോഴും ചോറ്റയിൽ വീട്ടുകാർ നല്ലൊരു തുക ഷെയർ നൽകിയിരുന്നു.