കൊച്ചി: 200 കോടി രൂപയുടെ ലഹരിമരുന്ന് വിദേശത്തക്ക് കടത്തിയ കേസിൽ രാജ്യംവിട്ട മുഖ്യപ്രതി എക്സൈസ് പിടിയിൽ. ചെന്നൈ സ്വദേശി അബ്ദുൾ റഹ്മാൻ (അലി) ആണ് പിടിയിലായത്. മലേഷ്യയിൽനിന്നും തിരിച്ചുവരവേ ട്രിച്ചി വിമാനത്താവളത്തിൽവച്ച് പിടിയിലായ പ്രതിയെ കൊച്ചിയിലെത്തിച്ച് റിമാൻഡ് ചെയ്തു. എയർപോർട്ട് അഥോറിറ്റിയുടെ സഹായത്തോടെയാണു പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് മലേഷ്യയിലേക്ക് എയർ കാർഗോ വഴി കടത്താനായി 64 പാക്കറ്റുകളിലായി എത്തിച്ച എംഡിഎംഎ ലഹരിമരുന്ന് കണ്ടെത്തിയത്. തുടർന്ന് എക്സൈസ് നടത്തിയ അന്വേഷണത്തിൽ ഇതിനു പിന്നിൽ പ്രവർത്തിച്ചത് അലിയെന്ന് വിളിപ്പേരുള്ള അബ്ദുൾ റഹ്മാനാണെന്നു തിരിച്ചറിഞ്ഞു. പ്രതിക്കായി ലുക്ക് ഒൗട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു.
കേസിൽ അന്വേഷണം ഉൗർജിതമാക്കിയതോടെ രാജ്യംവിട്ട ഇയാൾ മലേഷ്യയിൽനിന്നും തിരിച്ചുവരവേയാണു പിടിയിലായത്. ലഹരികടത്തിന്റെ ഭാഗമായി വിദേശത്തുനിന്നും ഇയാൾ ചെന്നെയിലും മറ്റും വരുന്നതായ വിവരം അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. തുടർന്ന് എയർപോർട്ട് അതോറിറ്റിയുടെ സഹായത്തോടെയാണു പിടികൂടിയത്. അറസ്റ്റിലായ വേളയിൽ ഇയാളിൽനിന്ന് 20 ലക്ഷം രൂപയുടെ സ്വർണം പിടികൂടിയതായും അധികൃതർ വ്യക്തമാക്കി.
കൂടുതൽ അന്വേഷണത്തിന്റെ ഭാഗമായി അടുത്ത ദിവസംതന്നെ പ്രതിയെ കറസ്റ്റഡിയിൽ വാങ്ങുമെന്ന് എക്സൈസ് അധികൃതർ വ്യക്തമാക്കി. പ്രതിയിൽനിന്നും ലഹരികടത്തുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണു അധികൃതരുടെ പ്രതീക്ഷ. കണ്ണൂർ സ്വദേശിയെ സംഭവം നടന്ന് ദിവസങ്ങൾക്കുള്ളിൽ അധികൃതർ കുടുക്കിയിരുന്നു. കേസിൽ അലിയെ കുടുതൽ ചോദ്യം ചെയ്യുന്നതോടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണു അധികൃതരുടെ പ്രതീക്ഷ.