തലശേരി: എഴുപതുകാരനെ തടഞ്ഞു നിര്‍ത്തി വധഭീഷണി ഉയര്‍ത്തുകയും മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തില്‍ പോലീസും അഭിഭാഷകരും തമ്മില്‍ ഏറ്റുമുട്ടലിലേക്ക്. പവര്‍ ഓഫ് അറ്റോണി ഉപയോഗിച്ച് കേസ് നടത്തുകയും കോടതികളില്‍ സ്വന്തം കേസുകള്‍ വാദിക്കുകയും ചെയ്ത് ശ്രദ്ധേയനായ കണ്ണൂര്‍ എളയാവൂര് ലക്ഷ്മി പ്രഭയില്‍ വി.വി പ്രഭാകരന്റെ പരാതിയില്‍ അഡ്വ.കെ വിശ്വന്, അഡ്വ. പ്രിഥ്യു, അഡ്വ. നിസാര്‍, അഡ്വ.രഞ്ജിത് എന്നിവര്‍ക്കെതിരേ കേസെടുത്തതുമായി ബന്ധപ്പെട്ട് വിവാദം മുറുകുകയാണ്.
പരാതിയെക്കുറിച്ച് പ്രഥമികാന്വേഷണം പോലും നടത്താതെ പ്രമുഖരായ അഭിഭാഷകര്‍ക്കെതിരേ കേസെടുത്ത പോലീസ് ഉദ്യോഗസ്ഥര്ക്കെതിരേ നടപടി ആവശ്യപ്പെട്ട് ലോയേഴ്സ് യൂണിയന് മുഖ്യമന്ത്രിയെ നേരിട്ടു കാണാന്‍ തീരുമാനിച്ചു.
എന്നാല്‍ സെപ്റ്റംബര്‍ മാസത്തില്‍ രണ്ട് തവണയും ഒക്ടോബറില്‍ ഒരു തവണയും അഭിഭാഷകരുടെ അക്രമം സംബന്ധിച്ച് പ്രഭാകരന് ടൗണ്‍ പോലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും പോലീസ് കേസെടുക്കാത്തതിനെ തുടര്‍ന്ന് ഡിവൈഎസ്പിയെ നേരില്‍ കണ്ട് പ്രഭാകരന് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കേസെടുക്കേണ്ടി വന്നതെന്നും ടൗണ്‍ പോലീസ് വൃത്തങ്ങള്‍ രാഷ്ട്രദീപികയോട് പറഞ്ഞു.
ഇതിനിടയില്‍ പ്രഭാകരന് ഒരു അഭിഭാഷകനെതിരേ മാത്രമാണ് പരാതി നല്‍കിയതെന്നും എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്തപ്പോള്‍ പ്രതി സ്ഥാനത്ത് നാല് അഭിഭാഷര്‍ എത്തിയതില്‍ ദുരൂഹതയുണ്ടെന്നും ഒരു വിഭാഗം ചൂണ്ടികാട്ടുന്നു. ജി.ഡി ചാര്‍ജായ വനിത ഹെഡ്കോണ്‍സ്റ്റബിളാണ് പ്രഭാകരന്റെ മൊഴി രേഖപ്പെടുത്തിയതെന്നും വിശദമായ മൊഴിയില്‍ ഓരോരുത്തരുടേയും പങ്ക് വ്യക്തമാക്കിയിട്ടുണ്ടെന്നും ഇതനുസരിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നുമാണ് പോലീസ് നല്കുന്ന വിശദീകരണം.
ഇന്ത്യന്‍ ശിക്ഷാ നിയമം 341,323,294(ബി)506(റെഡ് വിത്ത് 34) എന്നീ വകുപ്പുകാരം പോലീസ് കേസെടുത്തിട്ടുളളത്.
കോടതി മുറിയില്‍ അഭിഭാഷകര്‍ ഒരു വിഷയം ചൂണ്ടിക്കാണിച്ചാല്‍ എതിര് കക്ഷികള്‍ ഇത്തരത്തില്‍ പരാതിയുമായി പോകുകയും പോലീസ് കേസ് എടുക്കുകയും ചെയ്താല്‍ ഒരു അഭിഭാഷകനും കേസ് വാദിക്കാന്‍ പറ്റാത്ത സാഹചര്യം ഉണ്ടാകും.ശരിയല്ലാത്ത സ്ഥിതിയലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ശരിയായ പരാതിയില്‍ കേസെക്കാന്‍ പോലൂസിനു കഴിയണം.
അടിസ്ഥാന രഹിതമായ പരാതികള്‍ ലഭിക്കുമ്പോള്‍ തന്നെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ ആര്‍ക്കും ആര്ക്കിതിരേയും കേസെടുപ്പിക്കാവുന്ന സ്ഥിയാണ് സംജാതമാകുകയെന്നും അഡ്വ. വിശ്വന് രാഷ്ട്ര ദീപികയോട് പറഞ്ഞു.