കണ്ണൂർ: തടവുകാർക്ക് അർഹതപ്പെട്ട പരോൾ നിഷേധിക്കുന്ന സമീപനം ഉണ്ടാകരുതെന്ന് ജയിൽ ഡിജിപി ഋഷിരാജ് സിംഗ്. കണ്ണൂർ സെൻട്രൽ ജയിലിൽ ജയിൽ ക്ഷേമ ദിനാഘോഷം ഉദ്ഘാടനംചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പരോൾ റിപ്പോർട്ട് മൂന്നുതവണ നെഗറ്റീവായി നൽകി തടവുകാരുടെ പരോൾ നീട്ടുന്ന സമീപനമുണ്ടായാൽ ജില്ലാ പോലീസ് മേധാവിക്ക് കത്തെഴുതി വിശദീകരണം തേടും. പരോൾ കാര്യത്തിൽ ജയിൽ വകുപ്പിന് യാതൊരു റോളുമില്ല. തടവുകാർക്കും അവകശങ്ങളുണ്ട്. വിചാരണ തടവുകാരെ കൃത്യമായി കോടതിയിൽ എത്തിക്കാനുള്ള നിർദേശം നൽകിയിട്ടുണ്ട്.
ലോക്കൽ പോലീസാണ് തടവുകാർക്ക് സുരക്ഷയൊരുക്കി കോടതിയിൽ എത്തിക്കേണ്ടത്. ജോലിഭാരമുണ്ടെന്നു പറഞ്ഞ് തടവുകാരെ കോടതിയിൽ ഹാജരാക്കാൻ വൈകരുത്. ആദ്യമാസത്തിൽ മെഡിക്കൽ കോടതിയിൽ ഹാജരാക്കേണ്ട സാഹചര്യമുണ്ട്. അത് നിഷേധിച്ചാൽ ശിക്ഷ കഴിഞ്ഞും തടവുകാർ ജയിലിൽ കഴിയേണ്ട സാഹചര്യം ഉണ്ടാകും. വിചാരണ യാത്ര മുടക്കുന്ന സമീപനം പോലീസ് സ്വീകരിച്ചാൽ അത്ത് പോലീസ് മേധാവികളെ ജയിൽ ഡിജിപി തന്നെ കാണേണ്ട സാഹചര്യമുണ്ടാകും.
തടവുകാരുടെ ആരോഗ്യപ്രസ്നങ്ങളിൽ ചികിത്സ ഉറപ്പാക്കാൻ ജയിൽ അധികൃതർക്ക് നിർദേശം നൽകിയതായി ഡിജിപി പറഞ്ഞു. പോലീസ് സഹായത്തോടെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ച് ആവശ്യമായ ചികിത്സ ഉറപ്പാക്കണം. ഇക്കാര്യത്തിൽ തടവുകാർക്ക് പരാതിയുണ്ടെങ്കിൽ പരിശോധിക്കും. ജയിലുകളിൽ യോഗ നിർബന്ധമായി നടത്തും. ആഴ്ചയിൽ അഞ്ചുദിവസമാണ് ഇപ്പോൾ നടത്തുന്നത്. ചില തടവുകാർ യോഗയ്ക്ക് താല്പര്യം കാണിക്കാറില്ല.
ജയിലിൽ അച്ചടക്കം കർശമാക്കും
ജയിൽ തടവുകാർ ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകുയം ചെയ്യുന്നത് അവസാനിപ്പിക്കണം. ഉദ്യോഗസ്ഥരെ ഇത്തരത്തിൽ ചെയ്തതുകൊണ്ട് യാതൊരു കാര്യവുമില്ല. മാന്യമായി പെരുമാറാൻ ശ്രമിക്കണം. ഇല്ലെങ്കിൽ നഷ്ടം തടവുകാർക്ക് മാത്രമായിരിക്കും. എന്നാൽ, പരാതി പറയുന്നതിന് യാതൊരു തടസവുമുണ്ടാകില്ലെന്നും ഡിജിപി ഋഷിരാജ് സിംഗ് പറഞ്ഞു.