പയ്യന്നൂര്‍: പൂട്ടിയിട്ട വീടിന്റെ പൂട്ടു തകര്‍ത്ത് കവര്‍ച്ചാ ശ്രമം നടത്തുന്നതിനിടയില്‍ മോഷ്ടാവ് പിടിയില്‍. വീട്ടുകാരെ കണ്ട് ഓടി രക്ഷപ്പെടുന്നതിനിടയില്‍ നാട്ടുകാരും പോലീസും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. കാസര്‍ഗോഡ് പരവനടുക്കം ദേളി പള്ളിക്ക് സമീപത്തെ തായലെപുരയില്‍ മുഹമ്മദിന്റെ മകന് ആഷിഖാണ് (31)പിടിയിലായത്. കൂടെയുണ്ടായിരുന്ന യാസര്‍ എന്ന യുവാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
ഇന്നലെ വൈകുന്നേരം നാലോടെ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന് തെക്ക് ഭാഗത്തെ എലിയന്‍ ഭാനുമതി (66) യുടെ വീട്ടിലാണ് മോഷണശ്രമം നടന്നത്. വീട്ടുകാർ വീടു പൂട്ടി പുറത്തുപോയി തിരിച്ചെത്തുമ്പോള്‍ വീട് തുറന്നുകിടക്കുന്നതും അകത്ത് ആളനക്കമുള്ളതും ശ്രദ്ധയിൽപെട്ടതോടെ ഒച്ചവച്ച് ആളെകൂട്ടുകയായിരുന്നു.
ഇതിനിടയില്‍ വീട്ടില്‍നിന്നും ഇറങ്ങിയോടിയവരില് ആഷിഖിനെ നാട്ടുകാരും പോലീസും ചേര്‍ന്ന് മമ്പലത്ത് നിന്നും പിടികൂടി. കിടപ്പുമുറിയില്‍ സൂക്ഷിച്ചിരുന്ന രണ്ടായിരം രൂപ നഷ്ടപ്പെട്ടതായുള്ള ഭാനുമതിയുടെ പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. കാസര്‍ഗോഡ് നിന്നും കണ്ണൂരിലേയ്ക്ക് ട്രെയിനിലെത്തുന്ന ഇരുവരും ചേര്‍ന്ന് റെയില്‍വേ സ്റ്റേഷനുകളുടെ സമീപത്തെ വീടുകള്‍ നോക്കിവച്ച് കവര്‍ച്ച നടത്തുകയാണ് പതിവെന്ന് പയ്യന്നൂര്‍ പ്രിന്‍സിപ്പല്‍ എസ്ഐ ശ്രീജിത്ത് കൊടേരി പറഞ്ഞു.
ഹിന്ദിക്കാര് താമസിക്കുന്ന വീടാണെന്ന് കരുതിയാണ് ഇവിടെ മോഷ്ടിക്കാന്‍ കയറിയതെന്ന് പിടിയിലായ ആഷിഖ് പോലീസിനോട് സമ്മതിച്ചു. ഇയാളെ കൂടുതലായി ചോദ്യം ചെയ്ത ശേഷം ഇന്നു കോടതിയില്‍ ഹാജരാക്കും.