കോതമംഗലം: അയിരൂര്‍പ്പാടത്ത് വീട്ടിൽ അതിക്രമിച്ചുകയറി വൃദ്ധദമ്പതികളെ തലക്കടിച്ച് പരിക്കേൽപ്പിച്ച ശേഷം പൂട്ടിയിട്ട് വീട് കൊള്ളയടിച്ച കേസിലെ പ്രതികള്‍ അറസ്റ്റിൽ. മൂവാറ്റുപുഴ പേഴയ്ക്കാക്കാപ്പിളളി പാണ്ടിയാർപ്പിളളി നൗഫൽ (34), അയിരൂർപ്പാടം ചിറ്റേത്തുകുടി അർഷാദ് (26) എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ ഇരുവരും ബന്ധുക്കളാണ്. കഴിഞ്ഞ മാസം അഞ്ചിന് പുലർച്ചെയാണ് സംഭവം.
അയിരൂര്‍പ്പാടം പള്ളിക്കവലയ്ക്ക് സമീപം അറയ്ക്കല്‍ യാക്കോബ് (70), ഭാര്യ ഏലിയാമ്മ(65)എന്നിവരെയാണ് പ്രതികള്‍ ഇരുമ്പ് കമ്പികൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി ബോധം കെടുത്തിയശേഷം പൂട്ടിയിയിട്ട് വീട് കൊള്ളയടിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇരുവർക്കും ദിവസങ്ങൾ വേണ്ടിവന്നു അപകടനില തരണം ചെയ്യാൻ. ഏലിയാമ്മയുടെ തലയില്‍ നാല് മുറിവിലായി 23 തുന്നിക്കെട്ട് വേണ്ടിവന്നു.യാക്കോബിന്റെ തലയിലെ പരിക്കിന് ഒൻപത് തുന്നിക്കെട്ടും വേണ്ടിവന്നു.
ഏഴ് പവൻ സ്വർണ്ണവും മുവായിരം രൂപയും അപഹരിക്കപ്പെട്ടതായിവീട്ടുകാർ മൊഴി നൽകിയിരുന്നു. സംഭവശേഷം വിവിധ സ്ഥലങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നു പ്രതികൾ. മൊബൈല്‍ ടവറും സിസിടിവി ദൃശ്യവും പരിശോധിച്ച് പിടികൂടാനുള്ള പോലീസിന്റെ ശ്രമങ്ങള്‍ ആദ്യം വിജയിച്ചില്ല. പ്രതികൾ മുഖം മൂടി ധരിച്ചാണ് ആക്രമണവും കവർച്ചയും നടത്തിയത്. പ്രതികളിലൊരാൾ തടിച്ച് ഉയരം ഉളതും രണ്ടാമൻ ഉയരം കുറഞ്ഞ ആളാണെന്നും ഇരുവരും മലയാളം സംസാരിച്ചുവെന്നും വീട്ടുകാർ നൽകിയ മൊഴി വഴിത്തിരിവാകുകയായിരുന്നു.
സംഭവ ദിവസം രാവിലെ കോട്ടപ്പടിയിൽ നിന്ന് ഇത്തരത്തിൽ രണ്ട് പേർ ഓട്ടോറിക്ഷയിൽ കയറി പോകുന്നത് കണ്ടതായി ചിലർ പോലിസിൽ മൊഴി നൽകി. കോട്ടപ്പടിയില്‍ നിന്ന് ലഭിച്ച സിസിടിവി ദൃശ്യവും തോളേലി ഭാഗത്തുനിന്ന് മോഷണത്തിന് ഉപയോഗിച്ചതെന്ന് സംശയിക്കുന്ന ചില സാധനങ്ങളും കണ്ടെത്താനയതും നിര്‍ണായക വഴിത്തിരിവായി. കോട്ടപ്പടിയിൽ നിന്ന് ഓട്ടോയിൽ പെരുമ്പാവൂർ എത്തിയ പ്രതികൾ പിന്നീട് തൃശൂർ ഭാഗത്തേക്ക് ബസ്സിൽ പോയതായും പോലീസിന് സൂചന ലഭിച്ചിരുന്നു.
ഇരുവരും സ്വന്തം മൊബൈൽ ഫോൺ ഉപേക്ഷിച്ച് ബംഗാളി സ്വദേശിയായ തൊഴിലാളിയുടെ ഫോൺ ഉപയോഗിച്ച് പോലിസിന്റെ ഗതി തെറ്റിക്കാനും ശ്രമം നടത്തിയിരുന്നു. കേരളത്തിനു വെളിയിൽ ഒളിവിൽ കഴിഞ്ഞ പ്രതികൾ തിരിച്ചെത്തികോഴിക്കോട് വീണ്ടും സംഗമിച്ച് അടുത്ത കവർച്ച ആസൂത്രണം ചെയ്ത് സുഹൃത്തിന്റെ കാറും തരപ്പെടുത്തി തൃശൂരിൽ എത്തിയപ്പോഴാണ് ഞായറാഴ്ച രാത്രി പോലീസിന്റെ പിടിയിലായത്.ഇന്നലെ പോലീസ് അയിരൂര്‍പ്പാടത്ത് പ്രതികളെയെത്തിച്ച് തെളിവെടുപ്പ് നടത്തി. വന്ന വഴിയും കൃത്യം നിര്‍വഹിച്ച രീതിയും രക്ഷപ്പെട്ടതുമെല്ലാം പ്രതികള്‍ പോലീസിനോട് വിവരിച്ചു.
മോഷണത്തിനായി പ്രതികള്‍ ഉപയോഗിച്ച വസ്തുക്കള്‍ സംഭംനടന്ന വീടിന്റെ പരിസരപ്രദേശങ്ങളില്‍നിന്നായി കണ്ടെത്തി. തലയ്ക്ക് അടിക്കാന്‍ ഉപയോഗിച്ചശേഷം പാടത്ത് ഉപേഷിച്ചിരുന്ന ഉപകരണം മെറ്റര്‍ ഡിറ്റക്ടറിന്റെ സഹായത്തോടെയാണ് കണ്ടെടുത്തത്. രണ്ട് വിവാഹം കഴിച്ചിട്ടുള്ള നൗഫലിന് വിദേശത്തുപോകുന്നതിനുള്ള പണം കണ്ടെത്തുന്നതിനായിരുന്നു മോഷണം. മുൻപ് വിദേശത്തുനിന്നും മടങ്ങിയെത്തിയ നൗഫല്‍ മൂവാറ്റുപുഴയില്‍ വര്‍ക്ക്ഷോപ്പ് ജീവനക്കാരനായ അര്ഷാദിനെകൂട്ടുപിടിച്ച് കവര്‍ച്ച ആസുത്രണം ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മുഖംമൂടിയടക്കമുള്ള വസ്തുക്കള്‍ തൃശൂരില്‍നിന്നുമാണ് വാങ്ങിയത്.
മൂവാറ്റുപുഴയിലെ ഒരു വ്യവസായിയുടെ വീടായിരുന്നു ലക്ഷ്യം. എന്നാല്‍, ഈ വീട്ടിലെ സാഹചര്യം അനുകൂലമായില്ല. തുടര്‍ന്നാണ് അര്‍ഷാദിന്റെ നിര്‍ദേശപ്രകാരം യാക്കോബീന്റെ വീട് തെരഞ്ഞെടുത്തത്. മക്കള്‍ വിദേശത്തായതിനാല്‍ ദമ്പതികള്‍ തനിച്ചാണെന്ന് അര്‍ഷാദിന് അറിയാമായിരുന്നു. രാത്രിയില്‍ സ്ഥലത്തെത്തിയ പ്രതികള്‍ ദമ്പതികള്‍ ഉറങ്ങുന്നതുവരെ കാത്തിരുന്നശേഷമാണ് കൃത്യത്തിലേക്ക് കടന്നത്.പ്രതികളുടെ ആക്രമണത്തില്‍ ഗുരുതരപരിക്കേറ്റ ദമ്പതികള്‍ ബോധരഹിതരായിരുന്നു .
പുലര്‍ച്ചെയാണ് അയല്‍വാസികള്‍ വിവരം അറിഞ്ഞത്. സ്വര്‍ണ്ണാഭരണങ്ങള്‍ പെരുമ്പാവൂരും കൊടുങ്ങല്ലൂരുമായി പണയംവച്ചശേഷം പണവുമായാണ് ഇരുവരും രണ്ട് സ്ഥലങ്ങളിലേക്ക് ഒളിവില്‍പോയത്. സുഹൃത്തിന്റെ കാറില്‍ വീണ്ടും തൃശ്ശൂരിലെത്തിയപ്പോഴാണ് പോലീസിന്റെ പിടിയിലായത്. ഈ കാര്‍ തട്ടിയെടുത്ത് മുങ്ങാനായിരുന്നു പദ്ധതി.അര്‍ഷാദ് മയക്കുമരുന്നിനടിമയും വിവിധ സ്റ്റേഷനുകളിലെ അടിപിടികേസുകളില്‍ പ്രതിയുമാണ്.
സ്വർണ്ണാഭരണങ്ങൾ പണയം വച്ച സ്ഥാപനങ്ങളിലെത്തിച്ച് തൊണ്ടിമുതൽ കണ്ടെടുക്കും. കോതമംഗലം പോലീസ് ഇന്‍സ്പെക്ടര്‍ ടി.എ.യൂനസ്,എസ്.ഐ.ദിലീഷ്,സിവില്‍ പോലീസ് ഓഫിസര്‍മാരായ നിജു ഭാസ്ക്കർ,ആസാദ്,ബേസില്‍ പി.ഏലിയാസ്,പി.എം.റിതേഷ് എന്നിവരുടെ നേത്യത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.