ചാവശേരി: കാലവർഷത്തിൽ വൈദ്യുതി മുടക്കം ഒഴിവാക്കുന്നതിനു ഭൂമിക്കടിയിലെ കേബിൾ സ്ഥാപിച്ചു കെഎസ്ഇബി വൈദ്യുതി പ്രവർത്തനം കാര്യക്ഷമമാക്കുന്നു. കോടികൾ ചെലവഴിച്ചാണ് സർക്കാർ പദ്ധതി നടപ്പിലാക്കുന്നത്.ചാവശേരി 110 കെവി സബ് സ്റ്റേഷനിൽ നിന്നു പഴശി, മാലൂർ തോലമ്പ്ര സബ് സ്റ്റേഷനുകളിൽ വൈദ്യുതിയെത്തിക്കുന്നതിന് 33 കെവിയുടെ കേബിൾ ഭൂമിക്കടിയിലൂടെ സ്ഥാപിക്കുന്ന പ്രവൃത്തി തുടങ്ങി.
ചാവശേരി ഹയർ സെക്കൻഡറി സ്കൂളിനു സമീപത്തെ സബ് സ്റ്റേഷൻ മുതൽ കോളാരി ജുമാ മസ്ജിദ് വരെയുള്ള 3.600 കിലോ മീറ്റർ ദൂരം വരെയാണ് ആദ്യഘട്ടത്തിൽ ഭൂമിക്കടിയിലൂടെ കേബിൾ വലിക്കുന്നത്. ഇതിനാവശ്യമായ കേബിൾ തമിഴ്നാട്ടിൽ നിന്നു എട്ടു മാസം മുമ്പേ കെഎസ്ഇബി ചാവശേരി വളോരയിലെത്തിച്ചിരുന്നു.
നിർമാണ പ്രവൃത്തി നടത്തുന്നതിനു കരാർ നൽകുന്ന നടപടി വൈകിയതാണ് പ്രവൃത്തി ആരംഭിക്കുന്നതിൽ കാലതാമസമുണ്ടായതെന്നാണ് വിവരം.കോളാരിയിൽ നിന്നാണ് കേബിൾ സ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിച്ചിട്ടുള്ളത്. കാഞ്ഞിരോട്, പിണറായി സബ് സ്റ്റേഷനുകളിൽ നിന്നാണ് നിലവിൽ പഴശി, തോലമ്പ്ര സബ് സ്റ്റേഷനുകളിലേക്ക് വൈദ്യുതി വിതരണം ചെയ്യുന്നത്. വൈദ്യുതി ലൈൻ വഴിയാണ് വൈദ്യുതി നൽകുന്നത്.
മഴക്കാലത്ത് ലൈനിൽ മരം വീണും സാങ്കേതിക തകരാറും കാരണം വൈദ്യുതി വിതരണം തടസപെടാറുണ്ട്. ഇത് ഒഴിവാക്കാനാണ് ഭൂമിക്കടിയിലൂടെ കേബിൾ വലിച്ചു പദ്ധതി നടപ്പിലാക്കുന്നത്.