കോഴിക്കോട്: കൂടത്തായിയിലെ ആറു മരണങ്ങൾക്കു പുറമേ ഏഴാമത് ഒരു മരണത്തിൽ കൂടി ജോളിയുടെ പങ്ക് അന്വേഷിക്കുന്നു. കോണ്ഗ്രസ് പ്രാദേശിക നേതാവായ രാമകൃഷ്ണന്റെ ദുരൂഹ മരണം സംബന്ധിച്ചാണു ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.
2016 മേയ് 17-നാണു ജോളിയുടെ സുഹൃത്തായ രാമകൃഷ്ണൻ മരിച്ചത്. കൂടത്തായിയിലെ ആറുപേർ മരിച്ചതു പോലെ രാമകൃഷ്ണനും കുഴഞ്ഞുവീണാണ് മരിച്ചത്. മരിക്കുന്നതിനു മുന്പു സ്ഥലം വിറ്റുകിട്ടിയ 55 ലക്ഷം രൂപയെ സംബന്ധിച്ചു യാതൊരു വിവരവുമില്ലെന്നു രാമകൃഷ്ണന്റെ മകൻ രോഹിത് വെളിപ്പെടുത്തിയിരുന്നു. ഇതേതുടർന്നാണു രാമകൃഷ്ണന്റെ മരണം സംബന്ധിച്ചും അന്വേഷിക്കുന്നത്. മരണത്തിൽ ജോളിക്കു പങ്കുണ്ടെന്നു സംശയമുണ്ടെന്നാണു മകൻ പറയുന്നത്.
ഏറ്റവും മികച്ച ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണ സംഘം വിപുലീകരിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചിരുന്നു. കേസ് വെല്ലുവിളി നിറഞ്ഞതാണ്. കാലപ്പഴക്കവും സാക്ഷികളുടെ അഭാവവും വെല്ലുവിളി ഉയർത്തുന്നുണ്ടെന്നും ഇത് മറികടക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് ആഭ്യന്തരവകുപ്പ് വിദേശ ഏജൻസികളുടെ സഹായം തേടുന്നുണ്ട്. വർഷങ്ങൾക്കു മുന്പ് നടന്ന കൊലപാതകമായതിനാൽ ഫോറൻസിക് പരിശോധനയുമായി ബന്ധപ്പെട്ടാണ് വിദേശ ഏജൻസികളുടെ സഹായം തേടാനൊരുങ്ങുന്നത്. എല്ലാമരണങ്ങളും സയനൈഡ് നൽകിയാണെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. എന്നാൽ കുറഞ്ഞ അളവിലെ സൈനൈഡ് ഉള്ളിലെത്തിയുള്ളൂ എന്നതിനാൽ തെളിവുകൾ ലഭിക്കാനുള്ള സാധ്യത കുറവാണ്. ഈ സാഹചര്യത്തിലാണ് അന്വേഷണസംഘം ആഭ്യന്തരവകുപ്പ് മുഖേന വിദേശ ഏജൻസികളുടെ സഹായം തേടുന്നത്.
മൃതദേഹാവശിഷ്ടങ്ങളുടെ ട്രാൻസ് അനാലിസിസ് നടത്താൻ കോടതിയുടെ അനുമതിയോടെ രാജ്യത്തെ ഏറ്റവും മികച്ച ലാബറട്ടറിയുടെ സേവനം തേടനാണ് തീരുമാനിച്ചത്. ഇതിന് കഴിയാത്ത പക്ഷം കോടതി അനുമതിയോടെ തന്നെ വിദേശ ലാബിനെ സമീപിക്കും. സയനൈഡിന്റെ തെളിവുകൾ ലഭിക്കാത്ത പക്ഷം സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രം കേസ് നിലനിൽക്കില്ലെന്നാണ് പോലീസ് കരുതുന്നത്.