കോഴിക്കോട്: കൂടത്തായിയിലെ കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് അന്വേഷണസംഘം വിപുലീകരിക്കുന്നു. ആറ് കൊലപാതക കേസുകളും ആറു സംഘങ്ങളായി തിരിഞ്ഞ് അന്വേഷിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി കുറ്റാന്വേഷണത്തില്‍ മികവ് പുലര്‍ത്തിയ ഡിവൈഎസ്പിമാരേയും സിഐമാരേയും ഓരോ സംഘത്തിലും ഉള്‍പ്പെടുത്തും.
ഓരോ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുമ്പോള്‍ പുതിയ തെളിവുകള്‍ ശേഖരിക്കാനാവുമെന്നാണ് പോലീസ് പറയുന്നത്. കോടതിയില്‍ ഇത്തരത്തിലുള്ള തെളിവുകള്‍ ഹാജരാക്കുമ്പോള്‍ കേസ് നിലനില്ക്കും. കോടതി കേസ് പരിഗണിക്കുമ്പോള്‍ പരമാവധി തെളിവുകള്‍ ഹാജരാക്കി സമര്‍പ്പിക്കാനും ഇതുവഴി പ്രതിയ്ക്ക് ശിക്ഷ ലഭിക്കാനും കാരണമാവും.
നിലവില്‍ റോയ് തോമസിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള ഒരു കേസ് മാത്രമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. റുറൽ എസ്പി ആവശ്യപ്പെടുന്ന ഓഫീസർമാരെ വിട്ടുനൽകാൻ ഡിജിപി ലോക്നാഥ് ബെഹ്റ റേഞ്ച് ഐജിമാർക്ക് നിർദേശം നൽകി. അന്വേഷണത്തിന് അതേസമയം ജോളിയെ കസ്റ്റഡിയില്‍ ലഭിക്കുന്നതിനായി ഇന്ന് അന്വേഷണസംഘം കോടതിയില്‍ അപേക്ഷ നല്‍കും.
താമരശേരി കോടതിയിലാണ് അന്വേഷണസംഘം അപേക്ഷ സമര്‍പ്പിക്കുന്നത്. കോടതി അനുമതി ലഭിച്ചാല്‍ അന്വേഷണസംഘം ഉത്തരവുമായി കോഴിക്കോട് ജില്ലാ ജയിലിലെത്തി അവിടെ നിന്ന് ജോളിയെ കസ്റ്റഡിയില്‍ വാങ്ങും . മൂന്നു പെണ്‍കുട്ടികളടക്കം അരഡസൻപേരെ കൂടി ജോളി കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായി അന്വേഷണസംഘം സ്ഥിരീകരിച്ചു.
സയനൈഡ് നൽകി കൊലപ്പെടുത്തിയ ആദ്യഭർത്താവ് റോയിയുടെ സഹോദരങ്ങളായ റെഞ്ചി തോമസ്, റോജോ തോമസ്, റെഞ്ചിയുടെ മകൾ, റോയിയുടെ വിദേശത്തുള്ള ബന്ധു മാർട്ടിന്റെ മകൾ, വ്യാജ ഒസ്യത്ത് തയാറാക്കാൻ ഒത്താശചെയ്ത തഹസിൽദാർ ജയശ്രീ വാര്യരുടെ മകൾ എന്നിവരെയാണ് ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് ആഭ്യന്തരവകുപ്പ് വിദേശ ഏജന്‍സികളുടെ സഹായം തേടാനാണ് തീരുമാനിച്ചത്. വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന കൊലപാതകമായതിനാല്‍ ഫോറന്‍സിക് പരിശോധനയുമായി ബന്ധപ്പെട്ടാണ് വിദേശ ഏജന്‍സികളുടെ സഹായം തേടാനൊരുങ്ങുന്നത്.
എല്ലാമരണങ്ങളും സൈനൈഡ് നല്‍കിയാണെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. എന്നാല്‍ സൈനൈഡ് ഉള്ളിലെത്തിയാണ് മരണമെന്നുറപ്പിക്കാന് തെളിവുകള്‍ ലഭിക്കാനുള്ള സാധ്യത വിരളമാണ്. ഈ സാഹചര്യത്തിലാണ് അന്വേഷണസംഘം ആഭ്യന്തരവകുപ്പ് മുഖേന വിദേശ ഏജന്‍സികളുടെ സഹായം തേടുന്നത്.